Friday, February 2, 2007

മലയാളത്തില്‍ പുതിയ ടോപ്പിക്കുകള്‍

മലയാളം പല കാര്യങ്ങളിലെന്ന പോലെ ടോപ്പിക്കുകള്‍ തുടങ്ങുന്ന കാര്യത്തിലും മറ്റ് പല ഓര്‍ക്കുട്ട് കമ്മ്യൂ‍ണിറ്റികളില്‍ നിന്നും വ്യത്യസ്തമാണ്. മലയാളത്തില്‍ ടൈപ്പ് ചെയ്യണം എന്നതുപോലെ തന്നെ പ്രാധാന്യം നല്‍കിവരുന്ന ഒരു കാര്യമാണ്, ടോപ്പിക്കുകളുടെ എണ്ണം ക്രമാതീതമായി കൂടാതിരിക്കുവാന്‍ ശ്രദ്ധിക്കുക എന്നത്. ഓരോ വിഷയത്തിനും ഓരോ ടോപ്പിക്ക് എന്നതാണ് മലയാളത്തിലെ രീതി. എന്നാല്‍ ഈയിടെയായി കൂടുതല്‍ പുതിയ ടോപ്പിക്കുകള്‍ മലയാളത്തില്‍ വന്നുകൊണ്ടിരിക്കുന്നു. അതിനാല്‍ ടോപ്പിക്ക് തുടങ്ങുന്നതിനായി പിന്തുടരേണ്ട കുറച്ചു കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കാമെന്നു കരുതുന്നു.

മലയാളത്തില്‍ തീര്‍ച്ചയായും മോഡറേറ്റര്‍മാര്‍ക്കുമാത്രമല്ല ടോപ്പിക്കുകള്‍ തുടങ്ങാവുന്നത്. മോഡറേറ്റര്‍മാരും സ്ഥിരമല്ല. എല്ലാ സാധാരണ അംഗങ്ങള്‍ക്കും ടോപ്പിക്ക് തുടങ്ങുവാനുള്ള അവകാശമുണ്ട്. എന്നിരിക്കിലും താഴെപ്പറയുന്ന കാര്യങ്ങള്‍ ഓരോ ടോപ്പിക്ക് തുടങ്ങുവാ‍നാലോചിക്കുമ്പോഴും കണക്കിലെടുക്കേണ്ടതുണ്ട്.

• ഈ ടോപ്പിക്കില്‍ പറയുവാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ മലയാളത്തില്‍ നിലവിലുള്ള മറ്റേതെങ്കിലും ടോപ്പിക്കില്‍ പറയുവാന്‍ കഴിയുന്നതാണോ? അങ്ങിനെയാണെങ്കില്‍ പുതിയ ടോപ്പിക്ക് തുടങ്ങേണ്ട ആവശ്യകതയില്ല.
ഉദാ: “സിക്ക് ഫലിതങ്ങള്‍” എന്നൊരു ടോപ്പിക്കിന്റെ ആവശ്യകതയില്ല. അത് “മലയാള ഫലിതങ്ങള്‍“ എന്നതില്‍ തന്നെ വരാവുന്നതേയുള്ളൂ. “മലയാള ഫലിതങ്ങള്‍” എന്നതുകൊണ്ട്, മലയാളത്തിലെഴുതിയ ഫലിതങ്ങള്‍ എന്നേ ഉദ്ദേശിച്ചുള്ളൂ.

• ഇതില്‍ പറയുവാനുദ്ദേശിക്കുന്ന കാര്യങ്ങള്‍, മറ്റൊരു വിധത്തില്‍ മറ്റൊരു ടോപ്പിക്കില്‍ പറയുവാന്‍ സാധിക്കുമോ?
ഉദാ: ഒരു സ്വന്തം അനുഭവം, അത് അബദ്ധമല്ലെങ്കില്‍ മലയാളത്തില്‍ പോസ്റ്റ് ചെയ്യണമെങ്കില്‍, അതൊരു കഥയാക്കി പോസ്റ്റാവുന്നതാ‍ണ്. അനുഭവത്തിനായി ടോപ്പിക്കില്ല എന്നതിനാല്‍ അങ്ങിനെയൊരണ്ണം തുടങ്ങേണ്ടതില്ല.

• ഈ വിഷയത്തില്‍ എത്രപേര്‍ക്ക് പങ്കെടുക്കുവാന്‍ സാധിക്കും?
ഉദാ: “ഹരീയുടെ സൃഷ്ടികള്‍” എന്ന പേരില്‍ ഞാനൊരു ടോപ്പിക്ക് തുടങ്ങിയാല്‍ മറ്റുള്ളവര്‍ക്ക് സഹകരിക്കുവാന്‍ സാധിക്കുകയില്ലല്ലോ? അതുപോലെ തന്നെ, ചില ദേശങ്ങളില്‍ ഒതുങ്ങുന്ന വിഷയങ്ങളും ഒഴിവാക്കുക, അതായത് “കളര്‍കോട്ടെ വിശേഷങ്ങള്‍” എന്ന പേരിലും മറ്റും (കളര്‍കോട് എന്റെ സ്ഥലമാണ്).

• എത്ര പോസ്റ്റുകള്‍ക്ക് സാധ്യതയുണ്ട്?
ഉദാ: “നെഹ്രു ട്രോഫി വള്ളംകളി” എന്നൊരു ടോപ്പിക്ക് തുടങ്ങിയാല്‍, അതില്‍ എത്ര പോസ്റ്റുകള്‍ ഇടുവാന്‍ സാധിക്കും? ഈ രീതിയിലുള്ള പോസ്റ്റുകള്‍ കൊച്ചുവര്‍ത്തമാനത്തില്‍ ഇടാവുന്നതാണ്.
--
കുറിപ്പ്: മുകളില്‍ പറഞ്ഞവയ്ക്ക് അപവാദമായി ചില ടോപ്പിക്കുകള്‍ മലയാളത്തില്‍ ചൂണ്ടിക്കാണിക്കുവാന്‍ സാധിക്കും. എന്നാല്‍ അത് മലയാളം തുടങ്ങിയ കാലത്ത് ഇത്രയൊന്നും ചിന്തിക്കാതിരുന്നതിനാല്‍ പറ്റിയതാണ്. ഇനിമുതല്‍ ഈ കാര്യങ്ങള്‍ കൂടി പുതിയ ടോപ്പിക്കുകള്‍ തുടങ്ങുമ്പോള്‍ പരിഗണിക്കുന്നതാണ്.
--

ഈ നിര്‍ദ്ദേശങ്ങളോട് എല്ലാവരും സഹകരിക്കുമെന്ന് വിശ്വസിക്കുന്നു.

സസ്നേഹം
മലയാളം
--

No comments:

ഓര്‍ക്കുട്ട് മലയാളം

കൂട്ടുകാരേ..

നാമെല്ലാം മലയാളം എഴുതുവാനും വായിക്കുവാനും പഠിക്കുന്നുണ്ടെങ്കിലും കാലക്രമേണ മലയാളം ഉപയോഗിക്കാതെയിരുന്ന്‌ എഴുതുവാനും വായിക്കുവാനും മറന്നുപോകുന്ന ഒരു സ്ഥിതിവിശേഷം സംജാതമായിക്കൊണ്ടിരിക്കുന്ന ഈയവസരത്തിൽ മലയാളത്തിൽത്തന്നെ ആശയസംവേദനം സാദ്ധ്യമാകുന്ന ഒരു കമ്മ്യൂണിറ്റി - അതാണ് മലയാളം എന്ന പേരിലുള്ള ഈ കമ്മ്യൂണിറ്റിയുടെ ലക്ഷ്യം. എത്രനന്നായി ആംഗലേയഭാഷ കൈകാര്യം ചെയ്യുന്നവരാണെന്നാലും നാം ചിന്തിക്കുന്നത് നമ്മുടെ മാതൃഭാഷയാ‍യ മലയാളത്തിൽത്തന്നെയല്ലേ..? ആ ചിന്തകളെ അങ്ങനെ തന്നെ പകർത്തുവാൻ മറ്റൊരു ഭാഷയിലേക്കുള്ള തർജ്ജമ ആവശ്യമാണോ..? തീർച്ചയാ‍യും അല്ല. ഇത്തരമൊരു ചിന്തയാണ് ഈ കമ്മ്യൂണിറ്റിയുടെ ഉത്ഭവത്തിനു പിന്നിൽ. നമ്മുടെ അമ്മയായ മലയാളത്തെ, ഒട്ടനവധി ഭാഷകളുമായുള്ള ആദാനപ്രദാനബന്ധങ്ങളാലും തനതായ പദസമ്പത്തിനാലും സമ്പുഷ്‌ടമായ നമ്മുടെ മലയാളത്തെ സ്‌നേഹിക്കുന്ന എല്ലാവർക്കുമായി ‘മലയാള’ത്തെ സമർപ്പിക്കട്ടെ. ചിരിയോടൊപ്പം ചിന്തയുടെയും നുറുങ്ങുകൾ പങ്കിടാനും പച്ചമലയാളത്തിൽത്തന്നെ സല്ലപിക്കുവാനും ഉള്ള മലയാളത്തെ സ്‌നേഹിക്കുന്ന, അമ്മയെ സ്‌നേഹിക്കുന്ന ഏവർക്കും ഈ കൂട്ടായ്‌മയിലേക്ക് സ്വാഗതം..! സന്ദർശകർക്കായുള്ള പേജിലൊഴികെ മറ്റെല്ലായിടത്തും മലയാളത്തിൽ മാത്രം എഴുതുവാൻ ശ്രദ്ധിക്കണമെന്നുമാത്രം.

--