Monday, February 5, 2007

മലയാളത്തിന്റെ നാള്‍വഴികള്‍ - ഭാഗം 1

ഫെബ്രുവരി 5, 2007
അഞ്ചാം മാസത്തില്‍ കടന്നതിനോടൊപ്പം തന്നെ മറ്റൊരു നാഴികക്കല്ലുകൂടി ഇന്ന് മലയാളം പിന്നിടുന്നു. മലയാളത്തിലെ അംഗസംഖ്യ ഇന്ന് 2000 കവിഞ്ഞു. ഒരു മാസം ഏതാണ്ട് അഞ്ഞൂറോളം അംഗങ്ങള്‍ മലയാളത്തിന്‍റെ ഭാഗമാവുന്നു എന്നത് സന്തോഷകരമായ കാര്യമാണ്.
രണ്ടായിരാമത്തെ അംഗം: മറിയ ഷാരോണ്‍
--

ഫെബ്രുവരി 4, 2007:
വീണ്ടുമൊരു നാലാം തീയതി. സൌഹൃദക്കൂട്ടം തുടങ്ങിയിട്ട് ഇന്ന് അഞ്ചാം മാസം. ഇതുവരെ ഇവിടെ 1978 അംഗങ്ങള്‍ ഈ തനിമലയാളക്കൂട്ടത്തിന്‍റെ ഭാഗമായിക്കഴിഞ്ഞു (ഒരു മാസം കൊണ്ട് 634 അംഗങ്ങള്‍!). കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ആക്ടീവായ അംഗങ്ങളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഈ മാസമുണ്ടായി. ഇതൊരു ശുഭസൂചനയായി വേണം കണക്കാക്കുവാന്‍.

ഈയൊരു മാസക്കാലയളവില്‍ മലയളത്തില്‍ വന്ന ശ്രദ്ധേയമായ ചില മാറ്റങ്ങള്‍.
• പൂര്‍ണ്ണമായും മോഡറേറ്റ് ചെയ്യപ്പെടുന്ന ഒരു ടോപ്പിക്, ‘സം‌വാദം’ ആരംഭിച്ചു.(ജനുവരി 14ന്‌)
• മലയാളം ബ്ലോഗ്, ഓര്‍ക്കുട്ട് മലയാളത്തിനൊരു ബാക്-അപ് എന്ന രീതിയില്‍ തുടങ്ങിവെച്ചു. (ജനുവരി 28ന്‌)
• മലയാളം ഗാനങ്ങളുടെ വരികള്ക്കായി മാത്രം ‘സാരംഗി’ എന്ന പേരില്‍ പുതിയ ഒരു കമ്മ്യൂണിറ്റി, ബൈജുവിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചു. (ജനുവരി 25ന്‌)
• ടോപ്പിക്കുകള്‍ തുടങ്ങുന്നതില്‍ നിയന്ത്രണം ആവശ്യമാണെന്നു തോന്നിയതിനാല്‍, ടോപ്പിക്ക് തുടങ്ങുവാനായി കുറച്ച് നിയമങ്ങള്‍ ഏര്‍പ്പെടുത്തി. (ഫെബ്രുവരി 2ന്‌)

--

ജനുവരി 13, 2007:
ഇന്നു മലയാളം മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടുന്നു: ആയിരത്തിയഞ്ഞൂറ് അംഗങ്ങള്‍. ക്രിയാത്മകമായി എല്ലാ ചര്‍ച്ചകളിലും പങ്കെടുക്കുന്നവരുടെ എണ്ണത്തിലും ആനുപാതികമായി വര്‍ദ്ധനവുണ്ട്. മലയാളത്തിന്റെ ജീവനാഡിയായി ഇപ്പോള്‍ മുന്‍‌നിരയിലുള്ളവരെ ഞാനൊന്നോര്‍ക്കുവാന്‍ ശ്രമിക്കുകയാണ്. ആരുടെയെങ്കിലും പേര് വിട്ടുപോയെങ്കില്‍ ക്ഷമിക്കണമെന്നപേക്ഷ.

അജീഷ്, ബൈജു, അന്‍‌വര്‍, ഡാന്റിസ്, പ്രതിഭ, രാജീവ് രാജ്, എബി, സിനില്‍, ജൊവിന്‍സ്, നന്ദന്‍, ബിന്ധ്യ, സ്മിത, അശ്വതി, അരുണ്‍, ഷിബു, റഗിന്, ബാലു, രാകേഷ്, ശ്രീറാം, അരുണ്‍ ദാസ്, അജയ് ഘോഷ്, സുഹാസ്, അപര്‍ണ്ണ, ശിവദാസ്, ഷിജോ, ജോര്‍ജ്ജ്, നീതു, സിന്ധു വിനു, ശാലിനി, കൊച്ചശ്വതി ...

ലിസ്റ്റ് അപൂര്‍ണ്ണമാണ്, കൂടുതല്‍ പേര് ഇവിടെ എല്ലാ ടോപ്പിക്കുകളിലും സജീവമായി പങ്കെടുക്കുവാന്‍ മുന്നോട്ടുവരുമെന്ന പ്രതീക്ഷയോടെ...

--

ജനുവരി 4, 2007:
അങ്ങിനെ മലയാളത്തിന് ഒരു മാസം കൂടി പ്രായമേറി. ക്രിസ്തുമസ് അവധിയുടേയും പുതുവത്സരത്തിന്‍റേയും ആലസ്യത്തില്‍ നിന്നും 'മലയാളം' ഇനിയും മോചിതമായിട്ടില്ല. തനിമലയാളക്കൂട്ടത്തിലെ കൂട്ടുകാര്‍ ഓരോരുത്തരായി തിരിച്ചെത്തുന്നതേയുള്ളൂ. കുറെയധികം പേര്‍ ഓഫീസ് ജോലികളുമായി തിരക്കിലാണ്. ഒരു മാസം കടന്നു പോയത് ആരും ഓര്‍ത്തുംകൂടിയില്ല എന്നു തോന്നുന്നു. 2006 ഒക്ടോബര് നാലാം തീയതി തുടങ്ങിയ മലയാളം ഇന്ന് വിജയകരമായി മൂന്നു മാസം പിന്നിട്ടിരിക്കുന്നു.

ഇന്ന് ‘മലയാളം’
• അംഗങ്ങള്‍ : ആയിരത്തി മുന്നൂ‍റ്റി എഴുപത്തിയൊന്‍പത് (1,379)
• ഉടമസ്ഥന്‍ : അജീഷ്
• മോഡറേറ്റര്‍മാര്‍ : ബൈജു, എബി, ഹരീ, സിനിൽ, ഡാന്റിസ്, അന്‍‌വര്‍, സ്മിത, രാകേഷ്, പ്രതിഭ, നന്ദന്‍

--

ജനുവരി 1, 2007:
മലയാളം പുതുവര്‍ഷത്തിലേക്ക്.
2006 ഒക്ടോബര്‍ നാലാം തീയതി തുടങ്ങിയ മലയാളം മൂന്നുമാസങ്ങള്‍ പിന്നിട്ട് ഇന്ന് 2007-ലെത്തി നില്‍ക്കുന്നു. കൂടുതല്‍ അംഗങ്ങള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ തയ്യാറായി മുന്നോട്ടെത്തിയിരിക്കുന്നു എന്നത് പ്രോത്സാഹനജനകമായ കാര്യമാണ്. എല്ലാവരും തെറ്റുകള്‍ ഒഴിവാക്കി ടൈപ്പ് ചെയ്യുവാനും, തിരുത്തലുകളോട് ക്രിയാത്മകമായി പ്രതികരിക്കുവാനും ശ്രദ്ധിക്കുന്നു എന്നതും അഭിനന്ദനാര്‍ഹമാണ്. രണ്ടായിരത്തിയേഴില്‍ ‘മലയാളം’ സൌഹൃദത്തിന്റെ പുതിയ മാനങ്ങള്‍ കൈവരിക്കുമെന്ന് പ്രതീക്ഷിക്കാം. ഒരു ഒത്തുചേരല്‍ സാധ്യമാക്കുവാന്‍ നമുക്ക് ഈ വര്‍ഷം ആത്മാര്‍ത്ഥമായി ശ്രമിക്കാം...
ഏവര്‍ക്കും പുതുവത്സര ആശംസകള്‍...

ഇന്ന് ‘മലയാളം’
• അംഗങ്ങള്‍ : ആയിരത്തി മുന്നൂ‍റ്റി നാല്പത്തിനാല്‍ (1,344)
• ഉടമസ്ഥന്‍ : അജീഷ്
• മോഡറേറ്റര്‍മാര്‍ : ബൈജു, എബി, ഹരീ, സിനിൽ, ഡാന്റിസ്, അന്‍‌വര്‍, സ്മിത, രാകേഷ്, പ്രതിഭ, നന്ദന്‍

--

ഡിസംബര്‍ 5, 2006:
ഇന്ന് മറ്റൊരു നാഴികക്കല്ലുകൂടി മലയാളം പിന്നിടുന്നു. ആയിരം അംഗങ്ങള്‍!
മറ്റൊരു കമ്മ്യൂണിറ്റിയില്‍ അംഗങ്ങള്‍ കൂടുന്നതുപോലെയല്ല ‘മലയാള’ത്തില്‍. മലയാളത്തില്‍ മാത്രം പോസ്റ്റ് ചെയ്യുവാനും വായിക്കുവാനും കഴിയുന്ന ഒരു ‘തനിമലയാളക്കൂട്ട’മാണ് ‘മലയാളം’. അതുകൊണ്ടുതന്നെ ഇത്രയും പേര്‍ ഈയൊരൊറ്റ ലക്ഷ്യത്തിനായി ഇവിടെ ഒത്തു ചേരുന്നു എന്നത്, അഭിമാനകരമായ നേട്ടമാണ്. ഇനിയും മുന്നോട്ട്!
--

ഡിസംബര്‍ 4, 2006:
മലയാളം മറ്റൊരു മാസം കൂടിപിന്നിടുന്നു. ശൈശവം പിന്നിട്ടു കൌമാരത്തിലെത്തിയെന്ന്‌ അജീഷ് പറഞ്ഞെങ്കിലും പിച്ചവെച്ചു തുടങ്ങി എന്നതാണ് കൂടുതല്‍ ശരിയെന്നു തോന്നുന്നു. കൂടുതല്‍ അംഗങ്ങള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യുവാനായി മുന്നോട്ടു വരുന്നുണ്ടെന്നത് ആഹ്ലാദകരമാണ്. ചിന്തകളും, നുറുങ്ങുകളും, കൊച്ചുവര്‍ത്തമാനങ്ങളുമൊക്കെയായി ‘മലയാളം’ മുന്നോട്ടു കുതിക്കുന്നു.
--

നവംബര്‍ 4, 2006:
മലയാളം ജന്മമെടുത്തിട്ട് ഒരു മാസം പിന്നിട്ടു. എല്ലാ അംഗങ്ങളും മലയാളത്തില്‍ മാത്രം പോസ്റ്റ് ചെയ്യുന്നതില്‍ വളരെ സഹകരിച്ചു. കൂടുതല്‍ കൂടുതല്‍ അംഗങ്ങള്‍ മലയാളത്തില്‍ പോസ്റ്റ് ചെയ്തു തുടങ്ങുമെന്ന് പ്രത്യാശിക്കുന്നു.

ഒരു മാസം പിന്നിട്ടപ്പോള്‍ അജീഷ് ഇങ്ങിനെയെഴുതി:
“പ്രിയ കൂട്ടുകാരേ,
നമ്മുടെ ‘മലയാളം’ ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം തികയുകയാണ്…ലോകം മുഴുവനുമുള്ള മലയാളികള്‍ക്ക്‌ പരസ്‌പരം പരിചയപ്പെടുന്നതിനും അവരുടെ കേരളത്തെക്കുറിച്ചുള്ളതും, മലയാളത്തെക്കുറിച്ചുള്ളതുമായ ഓര്‍മ്മകളും സങ്കല്‍പ്പങ്ങളും പങ്കുവയ്ക്കാനുമുള്ള ഒരു വേദികൂടിയാണു മലയാളം...നമ്മുടെ കൂട്ടം ഒരു മാസം പിന്നിടുമ്പോള്‍ തന്നെ 600-ഓളം പേര്‍ അംഗങ്ങളായി കഴിഞ്ഞിരിക്കുന്നു...പ്രത്യേകിച്ചും കേരളത്തിനു പുറത്തുള്ള മലയാളികളുടെ ഒരു സംഗമസ്ഥാനമായി നമ്മുടെ 'മലയാളം' മാറിക്കൊണ്ടിരിക്കുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷം...വളരെ പെട്ടന്ന് തന്നെ നിരവധി പ്രയോജനകരങ്ങളായ ചര്‍ച്ചകളും രസകരവും, വിജ്ഞാനപ്രദവും, ചിന്തിപ്പിക്കുന്നതുമായ വിനോദങ്ങളും മറ്റും നമ്മുടെ അംഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുകയും സജീവമായി പങ്കുചേരുകയും ചെയ്യുന്നു.... ഒരു മാസം കൊണ്ട് 1500-ഓളം പോസ്‌റ്റിങ്ങുകള്‍ ആയിരിക്കുന്നു എന്നത് അംഗങ്ങള്‍ സജീവമായി പങ്കെടുക്കുന്നു എന്നുള്ളതിന്റെ തെളിവാണ്. തുടര്‍ന്നും നിങ്ങളുടെ വിലയേറിയ സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു...

സ്‌നേഹപൂർവ്വം,
‘മലയാളം’
--

ഒക്ടോബര്‍ 4, 2006:
ഓര്‍കുട്ടില്‍ ‘മലയാളം’ എന്ന പേരില്‍ ഒരു ‘തനിമലയാളക്കൂട്ടം’ അജീഷ് മുന്‍‌കൈയ്യെടുത്ത് ആരംഭിച്ചു. കേരളപ്പിറവിയുടെ സുവര്‍ണ്ണജുബിലി ആഘോഷവേളയിലാണ് ‘മലയാളം’ പിറവിയെടുത്തതെന്നത് യാദൃശ്ചികമെങ്കിലും വളരെ അനുയോജ്യമായി.
--

ഓര്‍ക്കുട്ട് മലയാളം

കൂട്ടുകാരേ..

നാമെല്ലാം മലയാളം എഴുതുവാനും വായിക്കുവാനും പഠിക്കുന്നുണ്ടെങ്കിലും കാലക്രമേണ മലയാളം ഉപയോഗിക്കാതെയിരുന്ന്‌ എഴുതുവാനും വായിക്കുവാനും മറന്നുപോകുന്ന ഒരു സ്ഥിതിവിശേഷം സംജാതമായിക്കൊണ്ടിരിക്കുന്ന ഈയവസരത്തിൽ മലയാളത്തിൽത്തന്നെ ആശയസംവേദനം സാദ്ധ്യമാകുന്ന ഒരു കമ്മ്യൂണിറ്റി - അതാണ് മലയാളം എന്ന പേരിലുള്ള ഈ കമ്മ്യൂണിറ്റിയുടെ ലക്ഷ്യം. എത്രനന്നായി ആംഗലേയഭാഷ കൈകാര്യം ചെയ്യുന്നവരാണെന്നാലും നാം ചിന്തിക്കുന്നത് നമ്മുടെ മാതൃഭാഷയാ‍യ മലയാളത്തിൽത്തന്നെയല്ലേ..? ആ ചിന്തകളെ അങ്ങനെ തന്നെ പകർത്തുവാൻ മറ്റൊരു ഭാഷയിലേക്കുള്ള തർജ്ജമ ആവശ്യമാണോ..? തീർച്ചയാ‍യും അല്ല. ഇത്തരമൊരു ചിന്തയാണ് ഈ കമ്മ്യൂണിറ്റിയുടെ ഉത്ഭവത്തിനു പിന്നിൽ. നമ്മുടെ അമ്മയായ മലയാളത്തെ, ഒട്ടനവധി ഭാഷകളുമായുള്ള ആദാനപ്രദാനബന്ധങ്ങളാലും തനതായ പദസമ്പത്തിനാലും സമ്പുഷ്‌ടമായ നമ്മുടെ മലയാളത്തെ സ്‌നേഹിക്കുന്ന എല്ലാവർക്കുമായി ‘മലയാള’ത്തെ സമർപ്പിക്കട്ടെ. ചിരിയോടൊപ്പം ചിന്തയുടെയും നുറുങ്ങുകൾ പങ്കിടാനും പച്ചമലയാളത്തിൽത്തന്നെ സല്ലപിക്കുവാനും ഉള്ള മലയാളത്തെ സ്‌നേഹിക്കുന്ന, അമ്മയെ സ്‌നേഹിക്കുന്ന ഏവർക്കും ഈ കൂട്ടായ്‌മയിലേക്ക് സ്വാഗതം..! സന്ദർശകർക്കായുള്ള പേജിലൊഴികെ മറ്റെല്ലായിടത്തും മലയാളത്തിൽ മാത്രം എഴുതുവാൻ ശ്രദ്ധിക്കണമെന്നുമാത്രം.

--