Friday, December 21, 2007

എങ്ങനെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം?

എങ്ങനെയാണ് മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ സാധിക്കുന്നതെന്ന് നോക്കാം. അല്‍പ്പം ക്ഷമയുണ്ടെങ്കില്‍ വളരെയെളുപ്പം പഠിച്ചെടുക്കാവുന്ന ഒന്നാണ് മലയാളത്തിലുള്ള ടൈപ്പിംഗ്.
എന്തൊക്കെയാണ് ആവശ്യമായുള്ളത്?
മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ വേണ്ടത് മൂന്നേ മൂന്ന് സംഗതികളാണ്.
1. ഒരു മലയാളം യൂണിക്കോഡ് ഫോണ്ട്അഞ്ജലി, കാര്‍ത്തിക തുടങ്ങിയ ഏതെങ്കിലും യൂണിക്കോഡ് ഫോണ്ട് ഉണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് മലയാളത്തിലുള്ളവ വായിക്കാന്‍ സാധിക്കൂ. ഈ ടെക്‌സ്റ്റ് നിങ്ങള്‍ക്ക് വ്യക്തമായി വായിക്കുവാന്‍ സാധിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ മലയാളം യൂണിക്കോഡ് ഫോണ്ട് ഉണ്ടെന്ന് സാരം. എങ്കിലും അഞ്ജലിയുടെ ഇവിടെ കൊടുത്തിരിക്കുന്ന വേര്‍ഷന്‍ ഉണ്ടായിരിക്കുന്നതാണ് അഭികാമ്യം. ഇത് ഡൌണ്‍‌ലോഡ് ചെയ്‌ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക. C:\WINDOWS\Fonts, C:\WINNT\Fonts ഇവയിലേതെങ്കിലുമായിരിക്കും സാധാരണയായുള്ള ഫോണ്ട് ഫോള്‍ഡര്‍.
2. മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നതിനെ മലയാളത്തിലാക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍‍.
മലയാളത്തിലുള്ള ടൈപ്പിംഗ് രണ്ട് രീതിയില്‍ സാദ്ധ്യമാണ്. ഒന്നാമത്തെ രീതിയില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി നിങ്ങളുടെ സിസ്റ്റത്തില്‍ ഒന്നും തന്നെ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. രണ്ടാമത്തെ രീതിയില്‍ ചെയ്യുവാനാണെങ്കില്‍ മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നതിനെ മലയാളമാക്കുന്ന സോഫ്റ്റ്വെയര്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.

ഒന്നാമത്തെ രീതിയില്‍, മലയാളം ടൈപ്പ് ചെയ്യുന്നതിനായി മലയാളം ഓണ്‍‌ലൈന്‍, ഇളമൊഴി ഈ രണ്ട് വെബ്‌സൈറ്റുകളില്‍ ഏതെങ്കിലും ഏതെങ്കിലും ഉപയോഗിക്കാം. ഈ രണ്ട് പേജുകളും സേവ് ചെയ്‌തുവെച്ചാല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമല്ലാത്ത അവസരങ്ങളിലും ഇവ ഉപയോഗിച്ച് മലയാളത്തിലുള്ള ടൈപ്പിംഗ് സാദ്ധ്യമാണ്. മലയാളത്തില്‍ ഓണ്‍‌ലൈനായി ടൈപ്പ് ചെയ്യുവാന്‍ സഹായിക്കുന്ന വേറൊരു ഉപാധിയാണ് ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്ലിറ്ററേഷന്‍. വാക്കുകളുടെ വളരെ വിപുലമായ ഒരു ശേഖരം ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ തെറ്റില്ലാതെ ടൈപ്പ് ചെയ്യാന്‍ ഉതകുന്ന ഒന്നാണ് ഇത്. പക്ഷെ, ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള സമയത്തേ ഈ സേവനം ഉപയോഗിക്കുവാന്‍ സാധിക്കൂ. മലയാളം ഓണ്‍‌ലൈനിലും ഇളമൊഴിയിലും ഉള്ളതുപോലെ വലിയക്ഷരവും ചെറിയ അക്ഷരവും കൂട്ടിക്കലര്‍ത്താതെ തന്നെ കൃത്യമായ മലയാളം വാക്ക് രൂപപ്പെടുത്തിയെടുക്കാന്‍, ഇതിലെ വാക്കുകളുടെ ശേഖരം ഉപയോഗിച്ച് ഒരു പരിധി വരെ ഇതിന് സാധിക്കും.

രണ്ടാമത്തെ രീതിയില്‍ ടൈപ്പ് ചെയ്യുവാനായി, രാജ് നിര്‍മ്മിച്ച മൊഴി കീമാപ്പ് എന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് വ്യാപകമായി ഉപയോഗിച്ചുവരുന്നത്. ഇവിടെ നിന്നും മൊഴി കീമാപ്പ് ഡൌണ്‍‌ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.

3. അല്പം ക്ഷമ.
മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ആദ്യകാലങ്ങളില്‍ ഇത്തിരി ബുദ്ധിമുട്ട് തോന്നിയേക്കാം. പക്ഷെ, പിന്മാറാതെ വീണ്ടും വീണ്ടും ശ്രമിച്ചെങ്കില്‍ മാത്രമേ മലയാളത്തില്‍ ഓരോ അക്ഷരങ്ങളും ലഭിക്കുവാന്‍ എങ്ങനെ ടൈപ്പ് ചെയ്യണമെന്നത് ഓര്‍ത്തുവെയ്‌ക്കുവാന്‍ പറ്റൂ.

കീമാപ്പ് ഇന്‍സ്റ്റാള്‍ ചെയ്‌ത ശേഷം സിസ്റ്റം റീ-സ്റ്റാര്‍ട്ട് ചെയ്യുക. അതിനുശേഷം മലയാളത്തില്‍ ടൈപ്പ് ചെയ്യേണ്ട വിന്‍ഡോ തുറന്ന്, വിന്‍‌ഡോസ് ടാസ്‌ക് ബാറിന്റെ വലതുഭാഗത്ത്, സമയം കാണിക്കുന്നതിനു സമീപം ചിത്രത്തില്‍ കാണുന്നതുപോലെ ‘K' എന്ന് കാണപ്പെടുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്‌ത്, Mozhi Keymap 1.1.1 സെലക്റ്റ് ചെയ്യുക. ഇപ്പോള്‍ ‘K' എന്നത് ‘’ എന്നായി മാറി, ചിത്രത്തില്‍ കൊടുത്തിരിക്കുന്നതുപോലെ ആയിരിക്കുന്നത് കാണാം. തിരികെ ഇംഗ്ലീഷിലേക്ക് പോകുവാനായി ഈ ‘’ യില്‍ ക്ലിക്ക് ചെയ്‌ത്, No Keyman Keyboard എന്നത് സെലക്റ്റ് ചെയ്‌താല്‍ മതിയാകും. ഇത്രയും ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു എന്നര്‍ത്ഥം.


മലയാളത്തിലേക്ക് പോകാന്‍





ഇംഗ്ലീഷിലേക്ക് പോകാന്‍




എങ്ങനെ ടൈപ്പ് ചെയ്യാം?ഇനി എങ്ങനെ ടൈപ്പ് ചെയ്യണമെന്നത് നോക്കാം. മംഗ്ലീഷിലുള്ള ടൈപ്പിങ്ങും അത്യാവശ്യം സൂത്രപ്പണികളും അറിഞ്ഞിരുന്നാല്‍ ആര്‍ക്കും ടൈപ്പ് ചെയ്യാവുന്നതാണ്. ഉദാഹരണത്തിന്, amma എന്ന ടൈപ്പ് ചെയ്‌താല്‍ അമ്മ എന്ന് തനിയെ മാറുന്നതാണ്. അതുപോലെ തന്നെ, അച്ഛന്‍ എന്ന് മലയാളത്തില്‍ എഴുതുവാനായി achchhan എന്നും പിന്‍‌നിലാവ് എന്നത് മലയാളത്തില്‍ എഴുതുവാനായി pin_nilaav എന്നും മലയാളം എന്നെഴുതുവാന്‍ malayaaLam എന്നും ടൈപ്പ് ചെയ്‌താല്‍ മതിയാകും. ഏതാണ്ട് മംഗ്ലീഷിലെഴുതുന്നതുപോലെ തന്നെ. പക്ഷെ, ചിലയിടങ്ങളില്‍ വലിയ അക്ഷരങ്ങളും ^, ~, _ തുടങ്ങിയ ചിഹ്നങ്ങളും ഉപയോഗിക്കേണ്ടിവരും എന്നുമാത്രം. വിശദമായ കീമാപ്പിംഗ് താഴെ കൊടുത്തിരിക്കുന്നു.

മലയാളം ആക്ഷരസൂചിക
കുറിപ്പ് :1. ചെറിയ നിറുത്തലുകള്‍ ആവശ്യം വരുമ്പോള്‍ ഉപയോഗിക്കുന്ന ചിഹ്നമാണ് ‌‌‌ _ എന്നത്.
ഉദാഹരണത്തിന്,
പിന്‍‌നിലാവ് - pin_nilaav ( ‌_ ഇല്ലാതെ ടൈപ്പ് ചെയ്‌താല്‍ പിന്നിലാവ് എന്നേ വരൂ)
മുഖം‌മൂടി - mukham_mooTi ( _ ഇല്ലാതെ ടൈപ്പ് ചെയ്‌താല്‍ മുഖമ്മൂടി എന്നേ വരൂ)
2. ചന്ദ്രക്കല വരുത്തുവാനായി ~ എന്ന ചിഹ്നം ഉപയോഗിക്കാം.
ഉദാഹരണത്തിന്,
അവന് - avan~ ( ~ ഇല്ലാതെ ടൈപ്പ് ചെയ്‌താല്‍ അവന്‍ എന്നേ വരൂ)
കൂന് - koon~ (~ ഇല്ലാതെ ടൈപ്പ് ചെയ്‌താല്‍ കൂന്‍ എന്നേ വരൂ)
3. മലയാളത്തിലെ അക്കങ്ങള്‍ എഴുതുവാനായി \ എന്നതിനോട് ചേര്‍ത്ത് ഇംഗ്ലീഷ് അക്കം ടൈപ്പ് ചെയ്‌താല്‍ മതിയാകും.ഉദാഹരണത്തിന്, 1947 എന്നത് മലയാളത്തിലെഴുതിയാല്‍ ൧൯൪൭ എന്നാണ് വരേണ്ടത്. ഇതിനായി, \1\9\4\7 എന്ന് ടൈപ്പ് ചെയ്‌താല്‍ മതിയാകും. അതുപോലെ 2007 എന്നതിന് ൨00൭ എന്നെഴുതിയാല്‍ മതിയാകും. മലയാളത്തിലെ അക്കങ്ങള്‍ ഇനി പറയുന്നവയാണ്.1 - ൧, 2 - ൨, 3 - ൩, 4 - ൪, 5 - ൫, 6 - ൬, 7 - ൭, 8 - ൮, 9 - ൯ (പൂജ്യത്തിനുമാത്രം \0 എന്ന് ടൈപ്പ് ചെയ്യാതിരിക്കുക. ഇങ്ങനെ ടൈപ്പ് ചെയ്‌താല്‍ കിട്ടുന്ന ൦ എന്നത് കാല്‍ (1/4) എന്നതിനെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന മലയാള അക്കമാണ്). മുമ്പ് കാല്‍, അര, മുക്കാല്‍, അരയ്‌ക്കാല്‍ എന്നിവയ്‌ക്കെല്ലാം മലയാളത്തില്‍ അക്കങ്ങളുണ്ടായിരുന്നു.)

ഇനി താങ്കള്‍ക്കും മലയാളത്തില്‍ ടൈപ്പ് ചെയ്യാമല്ലോ? എല്ലാ‍ മംഗളങ്ങളും ആശംസിക്കുന്നു.




Saturday, September 1, 2007

പുതിയ [പഴയ] കളിയുടെ നിയമങ്ങള്‍

ഒരു വാക്കില്‍ തുടങ്ങി മറ്റൊരു വാക്കില്‍ എത്തിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.

1.ഓരോ വാക്കിന്റെയും ആദ്യഭാഗമോ അവസാനഭാഗമോ തൊട്ടുമുമ്പുള്ള വാക്കിന്റെ
സമാനഭാഗം ആയിരിക്കണം.

ഉദാഹരണങ്ങള്‍:
താലം > താരാട്ട്‌ (ശരി)
താലം > തടി (തെറ്റ്)
കോടതി > തിങ്കള്‍ (തെറ്റ്)
കോടതി > കോടി (ശരി)
കോടതി > പ്രകൃതി (ശരി)

2. ഒരു തവണ അവസാനിപ്പിച്ച വാക്കിൽ നിന്നും അടുത്തത് തുടങ്ങുക.
3. വാക്കുകൾ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടായിരിക്കേണ്ടതാണ്.
4. പ്രശസ്‌തമല്ലാത്ത സ്ഥലപ്പേരുകൾ ഒഴിവാക്കുക.
5. പ്രശസ്‌തരല്ലാത്ത വ്യക്‌തികളുടെ പേര് ഒഴിവാക്കുക.
6. ഓരോ തവണയും ഉത്തരം പറയുന്നയാള്‍ക്ക് അടുത്ത ചോദ്യം നിര്‍ദ്ദേശിക്കാം.

ഉദാഹരണങ്ങള്‍:
1. “മന” “കൊട്ടാരം” ആക്കാം.
മന -> മരം -> കൊട്ടാരം

2. “കൊട്ടാരം” “ദാസി” ആക്കാം.
കൊട്ടാരം->മരം‌->മനം->ദാനം->ദാസി

3. “ദാസി‌” “തോഴി” ആക്കാം.
ദാസി -> ദാസന്‍ -> തോഴന്‍ -> തോഴി

Tuesday, July 17, 2007

ബാംഗ്ലൂര്‍ സംഗമം 

ഓര്‍ക്കുട്ട് മലയാളത്തിന്റെ 15-ജൂലായ്-2007 ല്‍ നടന്ന ബാംഗ്ലൂര്‍ സംഗമത്തിലെ ചില ചിത്രങ്ങള്‍.

http://picasaweb.google.com/prabha.maveli/OrkutMalayalamOnnaamBangaloreSangamam

http://picasaweb.google.co.uk/prabha.maveli/OrMalBangaloreMeet

Monday, June 18, 2007

പോള്‍ ഫലം - എന്റെ കമ്പ്യൂട്ടര്‍ ഞാന്‍ മലയാളത്തില്‍ ഉപയോഗിയ്ക്കാത്തത്...

മലയാളത്തെ ഇഷ്ടപ്പെടുന്നെങ്കില്‍ കൂടി എന്തുമൊണ്ടാണ് ഭൂരിഭാഗം മലയാളികളും സ്വന്തം കമ്പ്യൂട്ടര്‍ മലയാളത്തില്‍ ഉപയോഗിയ്ക്കാത്തത്?

ഉണ്ടാക്കിയത്: പ്രവീണ്‍

Sunday, June 3, 2007

കുസൃതിചോദ്യം - 5

ചോദ്യം 201 : ( )
"നോംബു സമയത്തു
കോഴികൂട്ടി പ്പോയാല്‍ എന്തു ചെയ്യും?"

ഉത്തരം 201 : ( )
[ നോബു സമയത്തു മാത്റമല്ല എപ്പോള്‍ കോഴിക്കൂട്ടില്‍ പോയാലും വാതില്‍ അടക്കണം ]



ചോദ്യം 202 : ( Jaff )
അപ്പു ആന അമ്പലത്തില്‍ തൊഴാന്‍ പോയി വരുന്ന വഴി ഒരു മാമ്പഴം കിട്ടി... പക്ഷെ , അവനതു കഴിക്കാന്‍ പറ്റിയില്ല.. എന്തായിരിക്കും കാരണം.. ?
ഉത്തരം 202 : ( Jaff )
[ അപ്പു പല്ലു തേക്കാതെയാ അമ്പലത്തില്‍ പോയത്.. പല്ലുതേക്കാതെ മാമ്പഴം കഴിച്ചാ അമ്മ വഴക്കു പറയും.. അതാ ]



ചോദ്യം 203 : ( )
ലോങ്ജമ്പില്‍ ഒരു കാലത്തും ആരാലും തകര്‍ക്കപ്പെടാന്‍ പറ്റാത്ത റിക്കൊര്‍ഡ് ച്ചാട്ടം നടത്തിയതു ആര്‍?
ഉത്തരം 203 : ( അശ്വതി )
[ ഹനുമാന്‍ ]



ചോദ്യം 204 : ( Manu )
കിണറ്റില്‍ നിന്നു ഒരുതോട്ടിവെള്ളം കോരാന്‍ 3 മീറ്റര്‍ കയര്‍വേണമെങ്കില്‍, അരത്തൊട്ടിവെള്ളംകോരാന്‍ എത്രമീറ്റര്‍ കയറുവേണം
ഉത്തരം 204 : ( Sujith )
[ 3 മീറ്റര്‍ ]



ചോദ്യം 205 : ( Manu )
ഒരു ദിവസം ആനയും ഉറുന്‍ബും കൂടി പാപ്പാന്‍ അറിയാതെ ജോഗിങ്ങിനു പോയി... കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍, ദാ നില്‍ക്കുന്ന് പാപ്പാന്‍ മുന്‍പില്‍... ഇതുകണ്ട ഉറുന്‍ബ് പൊട്ടിച്ചിരിച്ചു... എന്തുകൊണ്ട് ?
ഉത്തരം 205 : ( Manu )
[ പപ്പാനെ കണ്ട ആന പേടിച്ച് മൂത്രം ഒഴിച്ചു അതുകണ്ടാ ഉറുംബ് പൊട്ടിച്ചിരിച്ചേ ]



ചോദ്യം 206 : ( Manu )
കറണ്ട് അടിച്ചാല്‍ തെറിച്ച് പോകുന്നതെന്തുകൊണ്ട്.....????
ഉത്തരം 206 : ( Krish )
[ പിടിച്ചുനില്‍ക്കാന്‍ പറ്റാത്തതുകൊണ്ട് ]



ചോദ്യം 207 : ( )
വെളുക്കുമ്പോള്‍ അഴുക്കാകുന്നത് എന്ത്?
ഉത്തരം 207 : ( Saj )
[ ബ്ലാക്ക് ബോര്‍ഡ്.. ]



ചോദ്യം 208 : ( )
ഇരുട്ടത്ത് മരിക്കുന്നവന്‍?
ഉത്തരം 208 : ( ബൈജു )
[ നിഴല്‍ ]



ചോദ്യം 209 : ( Manu )
മീനിനു പേടിയുള്ള ദിവസമേത് ?
ഉത്തരം 209 : ( Aparna )
[ ഫ്രൈഡേ ]



ചോദ്യം 210 : ( Manu )
തലകുത്തിനിന്നാല്‍ വലുതാകുന്നതാര് ?????
ഉത്തരം 210 : ( Jaff )
[ 6 ]



ചോദ്യം 211 : ( Manu )
ഒരു മാവിലെ മാങ്ങ‌എണ്ണാറുള്ളഞാന്‍ അതില്‍നിന്നും 2 മാങ്ങ പറിച്ചു. ബാക്കിയെത്ര ?
ഉത്തരം 211 : ( സിനില്‍ )
[ എണ്ണാറ് =8*6 =48-2=46 ]



ചോദ്യം 212 : ( Shameer )
പത്രവും ടിവിയും തമ്മിലുള്ള വ്യത്യാസമെന്ത്?
ഉത്തരം 212 : ( Aparna )
[ "ടി.വി വിരിച്ചു ബസ് സ്റ്റാന്‍ഡില്‍ കിടക്കാന്‍ പറ്റുമോ?
കറന്റ് പോയാല്‍ ടി.വി കൊണ്ട് വീശാന്‍ പറ്റുമോ?
പത്രം കൊണ്ട് പച്ചക്കറി പൊതിയാം..ടി.വി. കൊണ്ട് പറ്റുമോ?
പത്രം കൊണ്ട് ടിവി പൊതിയാം,ടിവി കൊണ്ട് പത്രം പൊതിയാമോ"
]



ചോദ്യം 213 : ( വിജയകൃഷ്ണന്‍ )
നിരീശ്വരവാദികള്‍ ഒരു സിനിമ പിടിച്ചിട്ടുണ്ടെന്നു കേട്ടു. അതിന്‍റെ പേരറിയാമോ?
ഉത്തരം 213 : ( ബൈജു )
[ ഗോഡ്‌സില്ല ]



ചോദ്യം 214 : ( Saj )
ഒരാള്‍ ഒരു ഓട്ട മല്‍സരത്തില്‍ പങ്കെടുക്കുകയായിരുന്നു.. എന്നാല്‍ ഫിനിഷിങ്ങ് പോയന്റ് കഴിഞ്ഞതറിയാതെ പിന്നെയും ഓടിയ അയാളെ എല്ലാരും കളിയാക്കി ചിരിച്ചപ്പോള്‍ അയാള്‍ ആകെ ചമ്മി നാറിപ്പോയി.. ഇങ്ങനെ അധികം ഓടി നാറിപ്പോയ അയാളുടെ അവസ്ഥ ഒറ്റയൊരു ഇംഗ്ലീഷ് വാക്കില്‍ പറയാമോ?
ഉത്തരം 214 : ( Shameer )
[ extraordinary(എക്സ്ട്രാ ഓടി നാറി).... ]



ചോദ്യം 215 : ( Najeeba )
ഇരിങ്ങാലക്കുടയില്‍ നിന്നും കിട്ടുന്ന സെന്റ് ഏതാ..?
ഉത്തരം 215 : ( അന്‍‌വര്‍ )
[ ഇന്നസെന്റ് ]



ചോദ്യം 216 : ( എബി )
മറ്റൊരു ജീവിയ്ക്കും ഇല്ലാത്തതായി കുറുക്കനെന്താണുള്ളത്?
ഉത്തരം 216 : ( എബി )
[ "കുറുക്കന്റെ കുഞ്ഞുങ്ങള്‍
"
]



ചോദ്യം 217 : ( എബി )
ഒരിക്കലും ഐസാവാത്ത വെള്ളം???
ഉത്തരം 217 : ( Vipin )
[ ചൂടുവെള്ളം ]



ചോദ്യം 218 : ( എബി )
മുട്ടുവിന്‍ തുറക്കപ്പെടും എന്ന് യേശുദേവന്‍ പറയാന്‍ കാരണം???
ഉത്തരം 218 : ( Shijo )
[ അന്നത്തെക്കാലത്ത് കോളിംഗ് ബെല്‍ ഇല്ലാരുന്നതുകൊണ്ട് ]



ചോദ്യം 219 : ( എബി )
കെട്ടിട നിര്‍മ്മാണത്തിനുപയോഗിക്കാത്ത കല്ല്???
ഉത്തരം 219 : ( Chachi )
[ മൂത്രക്കല്ല് ]



ചോദ്യം 220 : ( Shameer )
വെളുക്കുമ്പോള്‍ കറക്കുന്നതും, കറക്കുമ്പോള്‍ വെളുക്കുന്നതും എന്ത്?
ഉത്തരം 220 : ( ബൈജു )
[ പാല്‍ ]



ചോദ്യം 221 : ( എബി )
ലോകത്തിലെ ഏറ്റവും വെളുത്ത ആമ??
ഉത്തരം 221 : ( Sibu )
[ മദാമ്മ ]



ചോദ്യം 222 : ( എബി )
ഇന്ത്യയിലെ ഒരു സംസ്ഥാനവും ഉല്‍പാദിപ്പിക്കാത്ത ഒന്ന് കേരളം ഉല്‍‌പാദിപ്പിക്കുന്നുണ്ട്. എന്താണത്?
ഉത്തരം 222 : ( Aparna )
[ മലയാളികളെ ]



ചോദ്യം 223 : ( എബി )
നായയുടെ വാല്‍ പന്തീരാണ്ടുകാലം കുഴലിലിട്ടാലും നേരെയാകാത്തതെന്തുകൊണ്ട്???
ഉത്തരം 223 : ( Ambily )
[ നായക്കു അത്രയും ആയിസില്ലാത്തതു കൊണ്ട് ]



ചോദ്യം 224 : ( എബി )
ചട്ടുകം കൊണ്ടും കൈകാലുകള്‍കൊണ്ടും ഇളക്കാനാവാത്തതെന്ത്??
ഉത്തരം 224 : ( എബി )
[ തപസ്സ് ]



ചോദ്യം 225 : ( Sunil )
1+5+9 = 550 !!! ഈ സമവാക്യം ശരിയാണെന്ന് ആരും പറയില്ല്യാല്ല്ലോ!? പക്ഷെ, അതില്‍‍ ഒരു ഒന്ന്‍ കൂടി ചേര്‍ത്ത് ശരിയായ സമവാക്യമാക്കാം! ആ ഒന്ന് ചാഞ്ഞും ചരിഞ്ഞുമൊക്കെ ആകാം, കേട്ടോ.. ശ്രമിച്ചു നോക്കൂ!.. സമചിഹ്നത്തിനു കുറുകേ വരച്ചു അതിനെ സമവാക്യമല്ലാതാക്കരുതേ
ഉത്തരം 225 : ( Vipin )
[ "1+ 549 = 550

+ ന്റെ ഇടതു വശത്തൊരു വരയിട്ടാല്‍ 4 ആയി വായിക്കും. "
]



ചോദ്യം 226 : ( Vipin )
നമ്മുടെ കയ്യില്‍ ഒരു 500 രൂപാ നോട്ട് ഉണ്ട് എന്നു വിചാരിക്കുക. അതു കാണാനില്ല, വീട് മുഴുവന്‍ അരിച്ചുപെറുക്കി അവസാനം അതു തിരിച്ചു കിട്ടിയാല്‍. ആദ്യം എന്തു ചയ്യും??
ഉത്തരം 226 : ( Shameer )
[ ആദ്യം തിരച്ചില്‍ നിര്‍ത്തും...... ]



ചോദ്യം 227 : ( Sunil )
പണ്ടു പണ്ടു നടന്ന കഥയാണ്. കുരുക്ഷേത്രയുദ്ധം നടക്കുകയാണ്. ശിഖണ്ഡിയെ മറയാക്കിക്കൊണ്ട് അര്‍ജുനന്‍‍ ഭീഷ്മാചാര്യര്‍ക്കു നേരെ ശരവര്‍ഷം നടത്തുന്നു. അമ്പുകള്‍ ഓരോന്ന്‍ ‍ഓരോന്ന്‍ ആയി ഭീഷ്മാചാ‍ര്യര്‍ക്കു നേരെ പാഞ്ഞടുക്കുകയാണ്. എങ്കിലും തിരിച്ചു യുദ്ധം ചെയ്യുകയോ ഒന്നു പ്രതിരോധിക്കുക പോലുമോ അദ്ദേഹം ചെയ്യുന്നില്ല. പക്ഷെ,ശ്രദ്ധിച്ചു നോ‍ക്കൂ.. അദ്ദേഹം ഒരു ഗാനം ആലപിക്കുന്നുണ്ട്!!! ഏതാണാ ഗാനം എന്നു പറയാമൊ???
ഉത്തരം 227 : ( Aparna )
[ പിന്നെയും പിന്നെയും ആരോ ]



ചോദ്യം 228 : ( Ashok )
അടയ്ക്ക ആയാല്‍ മടിയില്‍ വയ്ക്കാം! എന്നാല്‍ അടയ്ക്കാമരമായാലോ???
ഉത്തരം 228 : ( Ashok )
[ നടാം അടയ്ക്ക പറിക്കാം മാത്രമല്ല വെട്ടി വിക്കുകയും ആവാം!!! ]



ചോദ്യം 229 : ( Suresh )
മിന്നലും വൈദ്യുതിയും തമ്മിലുള്ള വ്യത്യാസമെന്ത്?????
ഉത്തരം 229 : ( Shamith )
[ മിന്നലിനു ബില്ലടയ്ക്കേണ്ട ആവശ്യമില്ല.ഫ്രീയാ ]



ചോദ്യം 230 : ( Sreeshobin )
ഒരു യാത്രാ വിമാനത്തെ ഏറ്റവും ചുരുങ്ങിയ ചിലവില്‍‌ പെയിന്റ്ടിയ്ക്കാന്‍‌ എന്താണ്‍ എളുപ്പവഴി?
ഉത്തരം 230 : ( Rajeev )
[ വിമാനം ആകാശത്തെത്തുമ്പോള്‍ പെയ്ന്റടിച്ചാല്‍ മതി. അപ്പോള്‍ ചെറുതാകുമല്ലൊ ]



ചോദ്യം 231 : ( ബൈജു )
"ഒരു മനുഷ്യന്‍ നടക്കുന്നത്‌ ------------ ഇങ്ങനെ..
ഒരു മദ്യപിച്ച മനുഷ്യന്‍ നടക്കുന്നത്‌ ~~~~~~~~~~ ഇങ്ങനെ..
ഒരു പാമ്പ്‌ സഞ്ചരിക്കുന്നത്‌ ~~~~~~~~~~ ഇങ്ങനെ..
എന്നാല്‍ മദ്യപിച്ച ഒരു പാമ്പ്‌ സഞ്ചരിക്കുന്നത്‌ എങ്ങിനെയായിരിക്കും?
"

ഉത്തരം 231 : ( Prabha )
[ ---------- ഇങ്ങനെ… ]



ചോദ്യം 232 : ( എബി )
വനവാസത്തിനു പോയ ശ്രീരാമന്‍, കുറെ വര്‍ഷങ്ങള്‍ക്കു ശേഷം വനത്തില്‍ വച്ച് ഒരു പാട്ടു പാടി.. ഏതാണാ പാട്ട്???
ഉത്തരം 232 : ( എബി )
[ "നാടേ..നാടേ.. നാട്ടിലിറങ്ങീട്ടെത്തറ നാളായി
ഏലോ, ഏലോ, ഏലയ്യോ...
വീടേ വീടേ വീടൊന്നു കണ്ടിട്ടെത്തറ നാളായി
ഏലോ, ഏലോ, ഏലയ്യോ... "
]



ചോദ്യം 233 : ( എബി )
ഡോണിന് താക്കോല്‍ കിട്ടിയാല്‍ അവനാരാകും??
ഉത്തരം 233 : ( satya )
[ ഡോങ്-കീ ]



ചോദ്യം 234 : ( എബി )
തിരയെ തിന്നുന്ന തിരയേത്?
ഉത്തരം 234 : ( Vijil )
[ മുതിര തിന്നുന്ന കുതിര ]



ചോദ്യം 235 : ( എബി )
തൃശ്ശൂര്‍ പൂരത്തിന് അമ്പത് കൊമ്പനാനകളെ കൊണ്ടുവന്നു.. പക്ഷേ, ഒന്നിനും കൊമ്പില്ലായിരുന്നു. കാരണം??
ഉത്തരം 235 : ( മുഹമ്മദ് )
[ "വീരപ്പന്‍ വിറ്റ ആനകളായിരുന്നു.
കൊന്പുകള്‍ ടിയാന്‍ ആദ്യമേ അടിച്ചുമാറ്റി"
]



ചോദ്യം 236 : ( പൂച്ച )
"കുട്ടന്റെ അമ്മയ്ക്ക് അഞ്ചു മക്കള്‍,
ഒന്നാമന്റെ പേര്‍ ‘കാല്‍‘
രണ്ടാമന്‍ ‘ അര’
മൂന്നാമന്‍ ‘ മുക്കാല്‍’
നാലാമന്‍ ‘ ഒന്ന്’
എങ്കില്‍ അഞ്ചാമന്റെ പേര് എന്തായിരിക്കും?"

ഉത്തരം 236 : ( )
[ കുട്ടന്‍ ]



ചോദ്യം 237 : ( എബി )
ബാര്‍ബര്‍മാരുടെ ഒരേയൊരു ശത്രു ആരാണ്?
ഉത്തരം 237 : ( എബി )
[ ബാര്‍മാരുടെ ശത്രു സര്‍ദാര്‍ജിമാരാണ് ]



ചോദ്യം 238 : ( എബി )
ക്ലോക്ക് ഒരു സമയം 13 മണിയടിച്ചാല്‍ അതെന്തിനുള്ള സമയമാണ്?
ഉത്തരം 238 : ( അനില്‍ശ്രീ )
[ ക്ലോക്ക് നന്നാക്കാനുള്ള സമയം ]


കുസൃതിചോദ്യം - 4

ചോദ്യം 151 : ( എബി )
ഇടത്‌ കൈകൊണ്ട്‌ തൊടാം, വലതു കൈകൊണ്ട്‌ തൊടാന്‍ പറ്റില്ല. എന്താണത്‌?
ഉത്തരം 151 : ( ജോര്‍ജ്ജ് )
[ വലത്തേ കൈമുട്ട്.. ! ]



ചോദ്യം 152 : ( Shijo )
"ആനയും ഉറുമ്പും കൂടി പൊരിവെയിലത്തു ക്രിക്കറ്റ് കളിക്കുകയായിരുന്നു...
ആന ബാറ്റിങ്ങ്, ഉറുമ്പ് ബോളിങ്ങ്...
ആനയാണേ സിക്സൂം ഫോറും തന്നെ അടിച്ചു കൂട്ടുന്നു.. ഉറുമ്പിനു മനസ്സിലായി ഞാന്‍ ഈ കളി തോറ്റതു തന്നെ...അപ്പോള്‍ ഉറുമ്പ് ഓടി ആനയുടെ അറ്റുത്തുചെന്നു ചെവിയില്‍ ഒരു കാര്യം പറഞ്ഞു.. അതുകേട്ടതേ ആന പറഞ്ഞു ഞാന്‍ ഇനി കളിക്കുന്നില്ല എന്നു...
ഉറുമ്പ് എന്താണു പറഞ്ഞതു?. "

ഉത്തരം 152 : ( suhaaz )
[ നീ അധികം വെയില്‍ കൊണ്ടാല്‍ കറുത്തു പോകും ]



ചോദ്യം 153 : ( അജീഷ് )
സമയത്തെ വെട്ടിമുറിച്ചാല്‍ എന്തുകിട്ടും?
ഉത്തരം 153 : ( ജോര്‍ജ്ജ് )
[ ടൈം‍പീസ് ]



ചോദ്യം 154 : ( അജീഷ് )
രമണനും ചന്ദ്രികയും ചിത്രരചനാ ക്ലാസിൽ ചേർന്നു... മാഷ് അവരെ ടെസ്റ്റ് ചെയ്യാനായി ഒരു വിഷയം കൊടുത്ത് ചിത്രം വരക്കാൻ പറഞ്ഞു... രമണൻ പെട്ടന്ന് വരച്ചുതീർന്നെങ്കിലും ചന്ദ്രികയ്ക്ക് വരക്കാൻ കഴിഞ്ഞില്ല... പടം വരച്ച് കഴിഞ്ഞ് വെറുതെയിരിക്കുന്ന രമണനോട് ചന്ദ്രിക തനിക്കുകൂടിയൊന്ന് വരച്ചു തരാൻ പറഞ്ഞു... പക്ഷേ പറ്റില്ലായെന്ന അർത്ഥത്തിൽ രമണനൊരു പാട്ടു പാടുകയാണ് ചെയ്തത്... ഏതു പാട്ടാണത്?...
ഉത്തരം 154 : ( ജോര്‍ജ്ജ് )
[ സ്വയം ‘വര‘ ചന്ദ്രികേ... ]



ചോദ്യം 155 : ( എബി )
വെള്ളത്തിലൂടെ പോയാലും നനയാത്തതെന്ത്‌?
ഉത്തരം 155 : ( എബി )
[ ശബ്ദവും, വെളിച്ചവുമാണ്‌ വെള്ളത്തിലൂടെ പോയാലും നനയാത്തത്‌. ]



ചോദ്യം 156 : ( ബിന്ധ്യാ )
"ഒരു താറാവമ്മയും അവരുടെ 3 മക്കളും ഒരു റോഡുമുറിച്ചുകടക്കയായിരുന്നു..
റോഡിനു പുറത്ത് എത്തിയതിനു ശേഷം ഒരുതാറവുകുട്ടി പറഞ്ഞു..""ഹോ ..നമ്മള്‍ അഞ്ജുപേരും രെക്ഷപെട്ടു""
അതെന്താ അങ്ങനെ പറഞ്ഞത്? "

ഉത്തരം 156 : ( ബിന്ധ്യാ )
[ കൊച്ചുപിള്ളാരല്ലേ... അങ്ങനെ പലതും പറഞ്ഞന്നിരിക്കും .. അതിനു നിങ്ങളെന്തിനാ ടെന്ഷന്‍ അടിക്കുന്നത് ]



ചോദ്യം 157 : ( suhaaz )
തലയില്‍ കാലുവെച്ചു നടക്കുന്ന ഒരു ജീവി..?
ഉത്തരം 157 : ( Rajeev )
[ പേന്‍ ]



ചോദ്യം 158 : ( suhaaz )
പുറകില്‍ വാലുള്ള ജീവി...??
ഉത്തരം 158 : ( suhaaz )
[ ഈ ചോദ്യത്തിന്റെ ഉത്തരും പലതാണ്‌ പശു, ആട്, മാട്, നായ(ഡോബര്‍മാന്‍ പറ്റില്ല) ഇത്യാതിയില്‍ ഏതെങ്കിലും ആകാം ]



ചോദ്യം 159 : ( എബി )
ലോകത്തിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി?
ഉത്തരം 159 : ( അന്‍‌വര്‍ )
[ ഹനുമാന്‍ ]



ചോദ്യം 160 : ( എബി )
അമ്പലങ്ങളില്‍ വാഴ കെട്ടിവയ്ക്കുന്നതെന്തിനാണ്‌?
ഉത്തരം 160 : ( റെഗിന്‍ )
[ അത് വീഴാതിരിക്കാനാണ് കെട്ടി വെക്കുന്നത് ]



ചോദ്യം 161 : ( എബി )
എല്ലാവരേയും അനുസരിപ്പിക്കുന്നന ആള്‍?
ഉത്തരം 161 : ( എബി )
[ ഫോട്ടോഗ്രാഫര്‍ ]



ചോദ്യം 162 : ( എബി )
ഏപ്രില്‍ മാസത്തില്‍ പട്ടാളക്കാര്‍ തളരാന്‍ കാരണം?
ഉത്തരം 162 : ( അന്‍‌വര്‍ )
[ മാര്‍ച്ച് കഴിഞ്ഞാണല്ലോ ഏപ്രില്‍ ]



ചോദ്യം 163 : ( Julie )
വെളിച്ചത്തെടുത്തു ഇരുട്ടത്തു കാണുന്നത് എന്ത്?
ഉത്തരം 163 : ( അന്‍‌വര്‍ )
[ സിനിമ ]



ചോദ്യം 164 : ( എബി )
ലോകത്തിലെ ഏറ്റവും ചെറിയ പാലം?????
ഉത്തരം 164 : ( അന്‍‌വര്‍ )
[ മൂക്കിന്റെ പാലം ]



ചോദ്യം 165 : ( എബി )
അവിവാഹിതര്‍ മാതാപിതാക്കളോട്‌ പറയുന്ന ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍?
ഉത്തരം 165 : ( പ്രതിഭ )
[ "എന്‍ എ കെ ടി ക്യു (NAKTQ)
എന്നെകെട്ടിക്കൂ…"
]



ചോദ്യം 166 : ( Julie )
കട്ട വെള്ളത്തിലിട്ടാല്‍ താഴ്ന്നുപോകുന്നതെന്തുകൊണ്ട്?
ഉത്തരം 166 : ( അന്‍‌വര്‍ )
[ കട്ടയ്ക്ക് നീന്തലറിയാത്തതുകൊണ്ട്… ]



ചോദ്യം 167 : ( Julie )
സൂര്യനേക്കാള്‍ നല്ലതു ചന്ദ്രന്‍ ആണെന്നു പറയുന്നതെന്തുകൊണ്ട്?
ഉത്തരം 167 : ( Shijo )
[ സൂര്യന്‍ പകല്‍ മാത്രമേ വെളിച്ചം തരുന്നുള്ളു എന്നാല്‍ ചന്ദ്രന്‍ രാത്രിയില്‍ നമുക്കു വെളിച്ചം തരുന്നു ]



ചോദ്യം 168 : ( എബി )
ജാതിമതഭേദമെന്യേ എല്ലാവരും തലകുനിക്കുന്നതാരുടെ മുന്പിലാണ്‌
ഉത്തരം 168 : ( അന്‍‌വര്‍ )
[ ബാര്‍ബറുടെ ]



ചോദ്യം 169 : ( എബി )
ദ്രോണാചാര്യര്‍ ഏകലവ്യനോട്‌ പെരുവിരല്‍ ചോദിക്കാന്‍ കാരണം?
ഉത്തരം 169 : ( എബി )
[ ഏകലവ്യന്റെ പെരുവിരലിലായിരുന്നു മോതിരം കിടന്നിരുന്നത്‌ ]



ചോദ്യം 170 : ( എബി )
താമസിക്കാന്‍ പറ്റാത്ത വീട്‌?
ഉത്തരം 170 : ( എബി )
[ ചീവീട് ]



ചോദ്യം 171 : ( എബി )
തലയുള്ളപ്പോള്‍ പൊക്കം കുറയുകയും തലയില്ലാത്തപ്പോള്‍ പൊക്കം കൂടുകയും ചെയ്യുന്നതെന്ത്‌?
ഉത്തരം 171 : ( അന്‍‌വര്‍ )
[ തലയിണ ]



ചോദ്യം 172 : ( അന്‍‌വര്‍ )
മൂന്ന് ആനക്കുട്ടികള്‍ ഒന്നിനു പിറകേ ഒന്നാ‍യി ഒരു പുഴ നീന്തിക്കടക്കുകയായിരുന്നു ( "ഉച്ച സമയം" ), ഏകദേശം പുഴയുടെ "നടുക്ക്" എത്തിയപ്പോ ഒന്നാമത്തെ ആനക്കുട്ടി കുനിഞ്ഞു നോക്കി, അപ്പോള്‍ സ്വന്തം കാലും , രണ്ടാമത്തെ ആനക്കുട്ടിയുടെ കാ‍ലും കണ്ടു. എന്തുകൊണ്ട് മൂന്നാമത്തെ ആനക്കുട്ടിയുടെ കാലു കണ്ടില്ല
ഉത്തരം 172 : ( അജയഘോഷ്‌ )
[ ലവന്‍ മലര്‍ന്നാ നീന്തിയത്‌ ]



ചോദ്യം 173 : ( Sajith )
മിന്നാമിനുങ്ങ് ഉറങ്ങാന്‍ നേരം‌ അതിന്റെ കുഞ്ഞുങ്ങളോട് പറയാറുള്ളതെന്ത്?
ഉത്തരം 173 : ( അജയഘോഷ്‌ )
[ മക്കളേ, വിളക്കണച്ചിട്ടു കിടന്നുറങ്ങണേ ]



ചോദ്യം 174 : ( Sajith )
ഒരു കുപ്പി നിറയെ മഞ്ഞ നിറത്തിലുള്ള വെള്ളം‌ അതിലേയ്ക്ക് നീല നിറത്തിലുള്ള ഒരു തൂവാല മുക്കുന്നു, എന്തു സംഭവിക്കും?
ഉത്തരം 174 : ( അന്‍‌വര്‍ )
[ തൂവാല നനയും! ]



ചോദ്യം 175 : ( Nelvin )
ഒന്‍പതില്‍ നിന്നു ഒന്ന് പോ‍യാല്‍ കിട്ടുന്ന സംഖ്യ ഏത്..?
ഉത്തരം 175 : ( അജയഘോഷ്‌ )
[ റോമന്‍ ഒന്‍പതാണെങ്കില്‍ (IX) പത്തുകിട്ടും ]



ചോദ്യം 176 : ( അജയഘോഷ്‌ )
"ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ആപ്പിളുകള്‍ ഉണ്ടാകുന്നത്‌ എവിടെ ?
"

ഉത്തരം 176 : ( Nelvin )
[ ആപ്പിള്‍ മരത്തില്‍ ]



ചോദ്യം 177 : ( അജയഘോഷ്‌ )
ഭൂമിയില്‍ മനുഷ്യര്‍ക്കിടയില്‍ നക്ഷത്രങ്ങളുടെയെണ്ണം കൂടിയും കുറഞ്ഞും കാണുന്നതെവിടെ ?
ഉത്തരം 177 : ( Aparna )
[ പോലീസുകാരുടേ തോളത്ത് ]



ചോദ്യം 178 : ( Safrix )
സിംഹം കാട്ടിലെ ആരാണു ?
ഉത്തരം 178 : ( ബൈജു )
[ സിംഹം കാട്ടിലേ പുലിയല്ലേ മാഷേ... പുലി..! ]



ചോദ്യം 179 : ( ബിന്ധ്യാ )
ആര്ക്കും ഒരിക്കലും തുറക്കാന്‍ കഴിയാത്ത ഗേറ്റ്?
ഉത്തരം 179 : ( ബൈജു )
[ ബില്‍ ഗേറ്റ്സ് ]



ചോദ്യം 180 : ( )
"ഒരു സര്‍ദാര്‍ ആദ്യമായി ബോയിംഗ് ഫ്ലൈറ്റില്‍ യാ‍ത്ര ചെയ്യുകയായിരുന്നു. മുകളിലെത്തിയപ്പോള്‍ ആവേശം മൂത്ത കഥാനായകന്‍ “ബോയിംഗ്.. ബോയിംഗ്..! “ എന്നുറക്കെ പറഞ്ഞ് പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ബഹളം കേട്ട് ഒരു ക്യാബിന്‍ ക്രൂ അദ്ദേഹത്തോട് പറഞ്ഞു - “ബി സൈലന്റ്..!”

അല്‍പ്പനേരം മിണ്ടാതിരുന്നശേഷം സര്‍ദാര്‍ജി വീണ്ടും വിളിച്ചുപറയാന്‍ തുടങ്ങി. എന്തായിരിക്കും അദ്ദേഹം പറഞ്ഞത് ?
"

ഉത്തരം 180 : ( Sivadas )
[ ‘ബി‘ സൈലന്റാക്കി പറഞ്ഞു സര്‍ദാര്‍.. “യിംഗ് യിംഗ് “ ]



ചോദ്യം 181 : ( Sajith )
രാമനും,കൌസല്യയും, സുപ്രചയും പ്രവര്‍തികുന്നതെപ്പോള്‍
ഉത്തരം 181 : ( Nelvin )
[ "സന്ധ്യയ്ക്ക്
കൌസല്യാ സുപ്രചാ രാമ പൂര്‍വാ സന്ധ്യ പ്രവര്‍തതേ "
]



ചോദ്യം 182 : ( Nelvin )
"ഭഗ്യം ഇപ്പോള്‍ എന്നു വിളിച്ചു പറയുന്ന
നഗരം ഏതാണെന്നു പറയാമോ......? "

ഉത്തരം 182 : ( Sajith )
[ ലക്നൊ (Luck Now) ]



ചോദ്യം 183 : ( സിനില്‍ )
നമ്മളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് എന്ത്??
ഉത്തരം 183 : ( Nelvin )
[ ഭൂമി ]



ചോദ്യം 184 : ( Sajith )
പിന്നിട്ട വഴികളിലൂടെ നടക്കാന്‍ പറ്റുന്നതാര്‍ക്ക്?
ഉത്തരം 184 : ( Sivadas )
[ കാലില്‍ ചെരിപ്പിട്ടവര്‍ക്ക് ]



ചോദ്യം 185 : ( Nelvin )
കണ്ടാല്‍ ചിരിക്കുന്ന ഉണ്
ഉത്തരം 185 : ( ബൈജു )
[ കാര്‍ട്ടൂണ് ]



ചോദ്യം 186 : ( Sandeep )
ഒരു ടീച്ചര്‍ ബോര്‍ഡില്‍ ഒരു കണക്ക് എഴുതിയ ശേഷം ഒരു മലയാള ചലച്ചിത്ര ഗാനം പാടി.. ഏതാണാ ഗാനം?
ഉത്തരം 186 : ( Sandeep )
[ ആരാദ്യം പറയും? ആരാദ്യം പറയും?” ]



ചോദ്യം 187 : ( Manu )
മഴത്തുള്ളി താഴേക്കു വരുമ്പോള്‍ മുകളിലേക്കുപോകുന്നതെന്ത് ?
ഉത്തരം 187 : ( ബൈജു )
[ കുട ]



ചോദ്യം 188 : ( Manu )
മനുഷ്യ ശരീരത്തിലെ എല്ലില്ലാത്ത വസ്തു ?
ഉത്തരം 188 : ( Manu )
[ ത്വക്ക് ]



ചോദ്യം 189 : ( Manu )
ആനയും വടിയും കൂടി ചായ കുടിക്കുവാ‍ന്‍ ചായക്കടയില്‍ കയറി...ചായ കുടിച്ചുകഴിഞ്ഞ് ആനമാത്രം കാശ് കൊടുത്തു വടി കൊടുത്തില്ല. എന്തുകൊണ്ട് ?
ഉത്തരം 189 : ( അന്‍‌വര്‍ )
[ സ്റ്റിക്ക് നോ ബില്‍‌സ് ]



ചോദ്യം 190 : ( Manu )
ശ്രീരാമനും ലക്ഷ്മണനും കൂടി സീതയേ അന്വേഷിച്ച് നടക്കുമ്പോള്‍, ഒരു ഗുഹയുടെമുന്‍പില്‍ചെന്നു .... ആ ഗുഹയുടെ കവാടത്തില്‍ ഒരു ബോര്‍ഡ് വച്ചിരുന്നു... അതു വായിച്ച് ശ്രീരാമന്‍ മാത്രം ഗുഹക്കകത്തേക്കുപോയി.... എന്തായിരുന്നു ആ ബോര്‍ഡില്‍ എഴുതിയിരുന്നത് ??????????
ഉത്തരം 190 : ( Manu )
[ ഗുഹയുടെ വാതിലില്‍ എഴുതിയിരുന്നത് “വെയര്‍ ദയറീസ് എ വില്‍ ദെയറീസ് എ വെ” , അന്ന് ലക്ഷ്മണന്‍ “വില്ല്” എടുക്കാന്‍ മറന്നുപോയിരുന്നു. അതുകൊണ്ട് വില്ല് കൈയിലുണ്ടായിരുന്ന രാമന്‍ അകത്തേക്ക് പോയി ]



ചോദ്യം 191 : ( Saj )
ഒരു G യും നാല് T യും ഉള്ള ഇംഗ്ലീഷ് വാക്ക് പറയാമോ?
ഉത്തരം 191 : ( റെഗിന്‍ )
[ ഒര് ജി നാല്‍ റ്റി = ഒര്‍ജിനാലിറ്റി ]



ചോദ്യം 192 : ( Manu )
അപ്പോള്‍ വാസ്കോഡഗാമ കോഴിക്കോട് കാലുകുത്തിയതെന്തുകൊണ്ട് ?
ഉത്തരം 192 : ( അശ്വതി )
[ എവിടെങ്കിലും പോയി കൈകുത്തിയിറങ്ങുന്നത് മോശമല്ലേ.. അതാകാലുകുത്തി‍യേ ]



ചോദ്യം 193 : ( എബി )
ആമയെ മറിച്ചിട്ടാല്‍ എന്താകും?
ഉത്തരം 193 : ( അശ്വതി )
[ മറിയാമ്മ ]



ചോദ്യം 194 : ( എബി )
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവര്‍ണ്ണറും വനിതാ മുഖ്യമന്ത്രിയും ആരായിരുന്നു???
ഉത്തരം 194 : ( അശ്വതി )
[ അതുരണ്ടും ഒരു വനിതയാരുന്നു ]



ചോദ്യം 195 : ( Jaff )
“രാധാകൃഷ്ണന്‍ നല്ല ഉറക്കമായിരുന്നു.. അപ്പോഴാണ് അവന്റെ വീട്ടില്‍ കള്ളന്‍ കയറിയത്. ശബ്ദം കേട്ട് അവന്‍ ഞെട്ടിയുണര്‍ന്നു. കള്ളനതു ശ്രദ്ധിക്കാതെ മോഷണതിരക്കിലായിരുന്നു...കട്ടിലിന്റെ തൊട്ടടുത്തിരിക്കുന്ന മേശവലിപ്പില്‍ റിവോള്‍വറുണ്ട്.. അതില്‍ തിരയുമുണ്ട്.. എന്നിട്ടും രാധാകൃഷ്ണന് ഒന്നും ചെയ്യാനായില്ല. എന്താ കാരണം ?”
ഉത്തരം 195 : ( Manu )
[ രാധാകൃഷ്ണന്‍ ഒരു വയസുള്ള കുട്ടിയായിരുന്നു ]



ചോദ്യം 196 : ( Manu )
ഒരിക്കല്‍ ഒരു പോലീസ് patroling team ഒരു വീടിനരികില്‍ നില്‍ക്കും‌മ്പോള്‍ ഒരു നിലവിളികേട്ടു “സോമാഎന്നെകൊല്ലല്ലേ.....”. പെട്ടെന്ന് പോലീസ് ആ വീ‍ട്ടിലേക്ക് കുതിച്ചു.. അവിടെചെന്നപോലീസ് പെട്ടെന്ന് പ്രതിയെ(സോമന്‍) അറസ്റ്റ് ചെയ്തു.... എങ്ങനെ ???????
ഉത്തരം 196 : ( അജയഘോഷ്‌ )
[ അവിടെ സോമനൊഴിച്ചെല്ലാരും പെണ്ണുങ്ങളാരുന്നേ ]



ചോദ്യം 197 : ( Dona )
"ഒരു കുളത്തില്‍ 10 മീന്‍ ഉണ്ടായിരുന്നു. 1 ചത്തുപോയി. അതിന്നു ശേഷം കുളത്തിലെ വെള്ളം ഉയരാന്‍ തുടങി എന്താ കര്യം?
"

ഉത്തരം 197 : ( അജയഘോഷ്‌ )
[ ദുഃഖാചരണം ! കൂട്ടക്കരച്ചില്‍ ! കണ്ണീര്‍വെള്ളപ്പൊക്കം ]



ചോദ്യം 198 : ( Jaff )
ആനയും ഉറുമ്പും ഒരു ചായക്കടയില്‍ കയറി.. ഓരോ ചായക്കു പറഞ്ഞു... ചായ എത്തി... ആന ചായ വലിച്ചു കുടിച്ചു... ഉറുമ്പു കുടിച്ചില്ല.. എന്താ കുടിക്കാത്തേന്ന് ആന ചോദിച്ചു... അപ്പോള്‍ ഉറുമ്പ് ഒന്നും പറയാതെ , മേശയുടെ മേല്‍ 168 എന്നെഴുതി... ആനയ്ക്കു കാര്യം മനസ്സിലായി... ഉറുമ്പ് എന്തായിരിക്കും ഉദ്ദേശിച്ചത് ?
ഉത്തരം 198 : ( ഡാന്റിസ് )
[ "168 = ഒന്ന് ആറ്‌ എട്ട്
അതായത് ഒന്നാറട്ടേ"
]



ചോദ്യം 199 : ( ജോവിന്‍‍സ് )
ഒരു ദിവസം ആനയും ഉറുമ്പും നടക്കാന്‍ ഇറങ്ങി.. ഒന്നും രണ്ടും പറഞ്ഞു രണ്ടുപേരും വഴക്കായി.. അപ്പോള്‍ ആനയെ കൊച്ചാക്കാനായി ഉറുമ്പു എന്താണു പറഞ്ഞിട്ടുണ്ടാവുക?
ഉത്തരം 199 : ( ജോവിന്‍‍സ് )
[ നിന്നെ ഒന്നു കാണണമെങ്കില്‍ ഒരു ഭൂതക്കണ്ണാടി വെച്ചു നോക്കണമല്ലോടാ ആനേ ]



ചോദ്യം 200 : ( Dona )
ഒരാള്‍ വണ്ടി കടയില്‍ നിന്നും ഒരു ബീഡി വാങ്ങി. എന്നിട് കടകാരനോട് ചോദിച്ചു “ഇതു കത്തുമോ?”. കടകാരന്‍ എന്ത് മറുപടി പറഞു.
ഉത്തരം 200 : ( ഡാന്റിസ് )
[ കത്തില്ലാ, പുകയത്തേയോള്ളൂ ]


Thursday, May 17, 2007

പോള്‍ ഫലം: യേശുദാസിനെ ഗുരുവായൂരമ്പലത്തില്‍ പ്രവേശിപ്പിക്കാന്‍ മന്ത്രി മുന്‍കൈ എടുത്തത് ശരിയോ?

യേശുദാസിന് ഗുരുവായൂര്‍ അമ്പലത്തില്‍ പ്രവേശനം അനുവദിക്കണമെന്ന് ദേവസ്വം അധിക്ര്തര്‍ക്ക് മന്ത്രി സുധാകരന്‍ കത്ത് അയച്ചിരിക്കുകയാണ്.യേശുദാസിന് അനുകൂലമായും പ്രതികൂലമായും നിരവധി പ്രതികരണങ്ങള്‍ വന്നു കഴിഞ്ഞു. മൂവായിരത്തിലധികം മലയാളികള്‍ ഒരുമിക്കുന്ന തനിമലയാളക്കൂട്ടത്തിന് ഇതെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടാവും, ന്യായമായും. ആ പ്രതികരണങ്ങള്‍ തേടിയാണ് ഇങ്ങനെ ഒരു പോള്‍ ഞാന്‍ ആരംഭിച്ചത്.സഹകരിക്കുമല്ലോ....?
ഉണ്ടാക്കിയത്: Mammad

Wednesday, May 16, 2007

പോള്‍ ഫലം: നിങ്ങള്‍ക്കിഷ്ടപ്പെട്ട ഗായിക


ഉണ്ടാക്കിയത്: ബാലു

പോള്‍ ഫലം - ഇഷ്ട ഗായകന്‍ ആര്?

നിങ്ങള്‍ക്ക് എറ്റവും ഇഷ്ടപ്പെട്ട മലയാള ചലച്ചിത്ര പിന്നണി ഗായകന്‍ ആരാണ്? (ഏറ്റവും നല്ല ഗായകന്‍ ആരെന്നല്ല ചോദ്യം.). താഴെ കൊടുത്തിരിക്കുന്നതില്‍ ആരുമല്ലെങ്കില്‍, 'ഇതില്‍ ആരുമല്ല' എന്നു തെരെഞ്ഞെടുക്കുക. നിങ്ങളുടെ ഇഷ്ട ഗായകന്റെ പേരു 'കമെന്‍റ്റ്സ്' -ഇല്‍ രേഖപ്പെടുത്തൂ..
ഉണ്ടാക്കിയത്: ഗോപന്‍

Friday, May 11, 2007

ഓര്‍ക്കുട്ട് തനിമലയാളക്കൂട്ടത്തിന്റെ കൊച്ചിന്‍ മഹാസംഗമം

തനിമലയാളക്കൂട്ടത്തിന്റെ കൊച്ചിന്‍ മഹാസംഗമം.

ചിത്രങ്ങളും വിവരണങ്ങളും ഇവിടെ കാണുക - http://entealbum.blogspot.com/2007/05/blog-post.html

ബോംബേ മീറ്റ്

മലയാളത്തിന്റെ ബോംബേ മീറ്റില്‍ നിന്ന് ചില ചിത്രങ്ങള്‍.


അച്ചു, ബിന്ദ്യ,എബി,വിത്സണ്‍,ഷിബു.....




എബി,ഷിബു,മനു,ബിന്ദ്യ,വിത്സണ്‍

Monday, March 12, 2007

കുസൃതിചോദ്യം - 3

ചോദ്യം 101 : ( അജീഷ് )
നടുക്ക് വായുള്ള ജീവിയേതാ?
ഉത്തരം 101 : ( അന്‍‌വര്‍ )
[ തവള ]



ചോദ്യം 102 : ( അജീഷ് )
ചിത്രകാരന്മാര് ചിത്രത്തിനടിയില്‍ പേരെഴുതിവയ്‌ക്കുന്നതെന്തിനാ?
ഉത്തരം 102 : ( ഹരീ )
[ ചിത്രത്തിന്റെ തലയും കടയും(വാലും) മാറിപ്പോകാതിരിക്കുവാന്‍. (അതായത് എങ്ങിനെ പിടിച്ചു നോക്കണമെന്ന് മനസിലാക്കുവാന്) ]



ചോദ്യം 103 : ( അന്‍‌വര്‍ )
രാമസ്വാമി-യുടെ വിപരീതം എന്താണ്‌?
ഉത്തരം 103 : ( അന്‍‌വര്‍ )
[ Rama-saw-me യുടെ ഓപ്പോസിറ്റ് Rama did not SEE me ]



ചോദ്യം 104 : ( നിഷാദ് )
ഒരാള്‍ കോഴിമുട്ട ബിസിനസ്സ് തുടങ്ങി. മുട്ട 2 രൂപക്ക് വാങ്ങി ഒരു രൂപക്ക് വില്‍ക്കുന്നു. ഒരു മാസം കൊണ്ട് അയാള്‍ ലക്ഷപ്രഭു ആവുകയും ചെയ്തു. അതെങ്ങനെയെന്നു പറയാമോ?
ഉത്തരം 104 : ( രാകേഷ് )
[ അയാള്‍ ആദ്യം കോടീശ്വരനായിരുന്നു. ]



ചോദ്യം 105 : ( അന്‍‌വര്‍ )
പൊടിയിട്ടാല്‍ വടിയാവുന്നതെന്ത്‌ ?
ഉത്തരം 105 : ( റെഗിന്‍ )
[ പുട്ട് ]



ചോദ്യം 106 : ( അരുണ്‍ )
"""ആആആആആആആആആആആആആ.......ഡും""
""ഡും.. ആആആആആആആആആആആആആആആആആആആആആആ""

ഇതു രണ്ടും തമ്മിലുള്ള വ്യത്യാസം പറയാമോ?"

ഉത്തരം 106 : ( അജീഷ് )
[ "ആദ്യത്തേത് 100-ആമത്തെ നിലയില്‍ നിന്ന് വീഴുന്നത്...
നിലവിളിക്കാന്‍ ഇഷ്‌ടം പോലെ സമയം കിട്ടി...
രണ്ടാമത് 2-ആം നിലയില്‍ നിന്ന് വീഴുന്നത്...
വീണുകഴിയുന്നത് വരെ നിലവിളിക്കാന്‍ സമയം കിട്ടിയില്ല... "
]



ചോദ്യം 107 : ( അന്‍‌വര്‍ )
വെട്ടിയാലും വെട്ടിയാലും നീളം കൂടുന്നതെന്ത്‌ ?
ഉത്തരം 107 : ( അന്‍‌വര്‍ )
[ കിണര്‍ ]



ചോദ്യം 108 : ( അജീഷ് )
മലയാളികളെ ചിരിപ്പിക്കുന്ന സെന്റ് ഏതാ?
ഉത്തരം 108 : ( അരുണ്‍ )
[ ഇന്നസെന്‍റ് ]



ചോദ്യം 109 : ( അജീഷ് )
തുറക്കാനും അടക്കാനും വയ്യാത്ത ഗേറ്റ് ഏതാ?
ഉത്തരം 109 : ( അരുണ്‍ )
[ കോള്‍ഗേറ്റ് ]



ചോദ്യം 110 : ( എബി )
കണ്ടാല്‍ സുന്ദരി, ഇടുമ്പോള്‍ ഫിറ്റ്‌ ഇട്ടുകഴിഞ്ഞാല്‍ ലൂസ്‌.
ഉത്തരം 110 : ( അന്‍‌വര്‍ )
[ വള ]



ചോദ്യം 111 : ( അരുണ്‍ )
പട്ടി വാലാട്ടുന്നത് എന്തുകൊണ്ട്?
ഉത്തരം 111 : ( അശ്വതി )
[ വാലുകൊണ്ട് ]



ചോദ്യം 112 : ( അന്‍‌വര്‍ )
സൈക്കിളും, ബസ്സും തമ്മിലുള്ള വ്യത്യാസം എന്താണ് ?
ഉത്തരം 112 : ( സിനില്‍ )
[ സൈക്കിളിനു സ്റ്റാന്‍ഡ് കൊണ്ടു നടക്കാം, പക്ഷേ ബസ്സിനു ബസ്സ് സ്റ്റാന്‍ഡ് കൊണ്ടു നടക്കാന്‍ പറ്റുമോ?? ]



ചോദ്യം 113 : ( അന്‍‌വര്‍ )
എങ്ങിനെയുള്ള കുട്ടികള്‍ ആണു സ്വര്‍ഗ്ഗത്തില്‍ പോകുന്നത്?
ഉത്തരം 113 : ( അജീഷ് )
[ മരിച്ച കുട്ടികള്‍ ]



ചോദ്യം 114 : ( അജീഷ് )
ഒരേ സമയം നമ്മോട് പോകാനും വരാനും പറയുന്ന ഇന്ത്യന്‍ നഗരം ഏതാ?
ഉത്തരം 114 : ( ഡാന്റിസ് )
[ ഗോവ ]



ചോദ്യം 115 : ( സ്മിത )
"ഒരു സ്ത്രീയും പുരുഷനും കൂടി ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി.
അവിടുത്തെ മാനേജര്‍ വന്ന് ആ സ്ത്രീയോട് ചോദിച്ചു:‘ഇതാരാ നിങ്ങളുടെ കൂടെയുള്ളത്?’ (ആ സ്ത്രിയെ മാനേജര്‍ക്ക് പരിചയമുണ്ടേ..)
അപ്പോള്‍ അവര്‍ പറഞ്ഞു:‘എന്റെ അമ്മാവനെ ഇവന്റെ അമ്മാവന്‍ അമ്മാവാന്നു വിളിക്കും?’

ആര്‍‌ക്കെങ്കിലും പറയാമോ അവര്‍ തമ്മിലുള്ള ബന്ധം?"

ഉത്തരം 115 : ( അശ്വതി )
[ അമ്മയും മകനും ]



ചോദ്യം 116 : ( ബൈജു )
"ഒരുദിവസം രാത്രി ഒരു സ്ത്രീ വീടിനകത്ത് ഒറ്റക്കിരിക്കുമ്പോൾ വീടിന്റെ കതകിൽ ആരോ മുട്ടി..! ആരെന്നറിയാതെ വാതിൽ തുറക്കാനൊക്കാത്തതുകൊണ്ട് ആരാണെന്നുവിളിച്ചുചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു :

“നിന്റെ അമ്മായിയമ്മ എന്റെ അമ്മായിയമ്മയെ അമ്മേ എന്നാണ് വിളിക്കുന്നത്..!”

ഇതിൽനിന്നും പുറത്തുനിൽക്കുന്ന വ്യക്തി ആരാണെന്നുമനസിലായ സ്ത്രീ വാതിൽ തുറന്നു. പുറത്തുനിൽക്കുന്ന വ്യക്തിയും ആ സ്‌ത്രീയും തമ്മിലുള്ള ബന്ധമെന്ത്...?"

ഉത്തരം 116 : ( ഡാന്റിസ് )
[ ആ സ്ത്രീയുടെ അമ്മായിയപ്പന്‍ ആണ് പുറത്തുനിക്കുന്നയാള്‍? ]



ചോദ്യം 117 : ( എബി )
ആണുങ്ങള്‍ തമ്മിലും, ആണുങ്ങളും പെണ്ണുങ്ങളും തമ്മിലും ചെയ്യും, പക്ഷേ പെണ്ണുങ്ങള്‍ തമ്മില്‍ ചെയ്യാറില്ല... എന്താണത്‌?
ഉത്തരം 117 : ( എബി )
[ കുമ്പസാരം ]



ചോദ്യം 118 : ( രാകേഷ് )
"ഞാന്‍ പരീക്ഷയെഴുതിയപ്പോ എന്‍റെ മുന്നിലും പിന്നിലും ഓരോരുത്തന്മാര്‍ ഉണ്ടായിരുന്നു.
എന്‍റെ മുന്നിലിരുന്നവന്‍റെ പേപ്പര്‍ കോപ്പിയടിച്ചു ഞാനും എന്‍റെ പേപ്പര്‍ കോപ്പിയടിച്ചു എന്‍റെ പിന്നിലിരിക്കുന്നവനും എഴുതി.
റിസല്‍റ്റ് വന്നപ്പോ, എന്‍റെ മുന്നിലിരുന്നവനും ഫസ്റ്റ് ക്ലാസ്, പിന്നിലിരുന്നവനും ഫസ്റ്റ് ക്ലാസ്..
ഞാന്‍ മാത്രം എട്ടു നിലയില്‍ പൊട്ടി.
എങ്ങനെയാണെന്നു പറയാമോ?"

ഉത്തരം 118 : ( ഹരീ )
[ രണ്ടു സെറ്റ് ചോദ്യപേപ്പറുകളുണ്ടായിരുന്നു. മുന്‍പിലും പിന്നിലുമിരിക്കുന്നവരുടെ ചോദ്യമല്ല നടുവിലിരിക്കുന്നയാള്‍ക്ക്. ]



ചോദ്യം 119 : ( എബി )
ആണുങ്ങള്‍ക്കാണ്‌ ഉള്ളത്‌. വിവാഹത്തിനു ശേഷം അത്‌ ഭാര്യയ്ക്ക്‌ കൊടുക്കുന്നു. മാര്‍പാപ്പായ്ക്ക്‌ ഉണ്ടെങ്കിലും അത്‌ ഉപയോഗിക്കാറില്ല.
ഉത്തരം 119 : ( അരുണ്‍ )
[ കുടുംബ പേര് (സര്‍ നെയിം, ലാസ്റ്റ് നെയിം) ]



ചോദ്യം 120 : ( എബി )
ഒരിക്കലും 'അതെ' എന്നുത്തരം കിട്ടാത്ത ചോദ്യം ഏതാണ്‌?
ഉത്തരം 120 : ( എബി )
[ നീ ഉറങ്ങുകയാണോ ]



ചോദ്യം 121 : ( ഷിബു )
ഉത്തരം മുട്ടുന്ന ചോദ്യമെന്താണ്?
ഉത്തരം 121 : ( ഷിബു )
[ മുട്ടുക എന്നതിന്റെ വര്‍ത്തമാനകാലം എന്താണ്? ]



ചോദ്യം 122 : ( എബി )
ഇഷ്ടിക കൊണ്ട്‌ പണിയുന്ന ഒരു കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകാന്‍ ഏറ്റവും കുറഞ്ഞത്‌ എത്ര ഇഷ്ടിക വേണം?
ഉത്തരം 122 : ( അന്‍‌വര്‍ )
[ കുറഞ്ഞതു ഒരു ഇഷ്ടികയെങ്കിലും വേണ്ടി വരും ]



ചോദ്യം 123 : ( എബി )
ജിറാഫിനെന്തിനാണ്‌ ഇത്രയും നീളമുള്ള കഴുത്ത്‌?
ഉത്തരം 123 : ( ബിന്ധ്യാ )
[ അതിന്റെ തല ഉയരത്തില്‍ ആയതുകൊണ്ട് ]



ചോദ്യം 124 : ( ശാലിനി )
വെറും വയറ്റില്‍ ഒരാള്‍ക്കു എത്ര നേന്ത്രപ്പഴം കഴിക്കാന്‍ പറ്റും?
ഉത്തരം 124 : ( ഹരീ )
[ "ഒറ്റയൊരണ്ണമേ പറ്റുകയുള്ളൂ...
രണ്ടാമത്തേതു കഴിക്കുമ്പോള്‍ പിന്നെ വെറും വയറ്റിലല്ലല്ലോ"
]



ചോദ്യം 125 : ( സിനില്‍ )
ആര്‍ക്കും കേള്‍ക്കാന്‍ പറ്റാത്ത ശബ്ദം?
ഉത്തരം 125 : ( അശ്വതി )
[ നിശബ്ദം ]



ചോദ്യം 126 : ( അജീഷ് )
രണ്ടു പല്ലികള്‍ ചുവരിലിരിക്കുകയായിരുന്നു. ഒരു പല്ലി താഴെവീണു. ഉടനെതന്നെ രണ്ടാമത്തെ പല്ലിയും താഴെവീണു.... കാരണമെന്താണ്?
ഉത്തരം 126 : ( അജീഷ് )
[ ഒരു പല്ലി താഴെവീണപ്പോള്‍ മറ്റേപ്പല്ലി കൈകൊട്ടിച്ചിരിച്ചു. ]



ചോദ്യം 127 : ( അശ്വതി )
"ഒരിക്കല്‍ മഹാത്മാഗാന്ധി കാട്ടിലൂടെ യാത്രപോയി..
വഴിയില്‍ ഒരു സിംഹത്തെക്കണ്ടു...
ഗാന്ധിയെ കണ്ടമാത്രയില്‍ സിംഹം പറഞ്ഞു ഇന്ദിരാ ഗാന്ധി
ചോദ്യം ഇതാണു “ഗാന്ധിയെകണ്ടിട്ട് എന്തിനാണ്‍ സിംഹം അങ്ങനെ പറഞ്ഞത്?“"

ഉത്തരം 127 : ( ബൈജു )
[ സിംഹം വിശന്നിരിക്കുകയായിരുന്നു, ഒരു ഇരയും കിട്ടാതെ..! അപ്പോഴാണ് പാവം ഗാന്ധി അവിടെ എത്തിയത്... സിംഹം ഇന്നത്തെ ഇര ഗാന്ധി എന്ന് പറഞ്ഞില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ ]



ചോദ്യം 128 : ( ബൈജു )
ഒരിക്കൽ ആനയും ഉറുമ്പും ഒരുമിച്ച് പുഴയിൽ കുളിക്കാൻ പോയി. ഉറുമ്പ് കുളിക്കാനായി പുഴയിലിറങ്ങിയെങ്കിലും ആന വെള്ളത്തിലിറങ്ങാതെ കരയിൽത്തന്നെയിരുന്നു... എന്തായിരിക്കും കാരണം...?
ഉത്തരം 128 : ( സിനില്‍ )
[ രണ്ടുപേർക്കും കൂടി ഒരു തോർത്തേ ഉണ്ടായിരുന്നുള്ളൂ. ഉറുമ്പ് കുളിച്ചുവന്നിട്ടുവേണം ആനയ്‌ക്ക് കുളിക്കാൻ ]



ചോദ്യം 129 : ( എബി )
കാമുകിയ്ക്കു വേണ്ടി പൂവ്‌ സമ്മാനിച്ച ആദ്യത്തെ കാമുകന്‍ ആര്‌?
ഉത്തരം 129 : ( ശാലിനി )
[ ഭീമന്‍ (കല്യാണസൗഗന്ധികം) ]



ചോദ്യം 130 : ( എബി )
എവറസ്റ്റ്‌ കൊടുമുടി കണ്ടുപിടിക്കുന്നതിനുമുന്‍പ്‌ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതായിരുന്നു?
ഉത്തരം 130 : ( ബൈജു )
[ അവസാനത്തെ ചോദ്യത്തിന്റെ ഉത്തരം ആദ്യം പറയാം. എവറസ്റ്റ് കണ്ടുപിടിക്കുന്നതിനുമുമ്പും എവറസ്റ്റ് അവിടെത്തന്നെയുണ്ടായിരുന്നല്ലോ..? അതുകൊണ്ട് അപ്പോഴും എവറസ്റ്റ് തന്നെയായിരുന്നു ഏറ്റവും ഉയരം കൂടിയ കൊടുമുടി. ]



ചോദ്യം 131 : ( അജീഷ് )
"10 ടണ്‍ ഭാരം കയറ്റിയ ഒരു ലോറി ഒരു പാലം കടക്കാന്‍ ഒന്നേകാല്‍ മണിക്കൂര്‍ എടുത്തു...
പക്ഷേ ഭാരം കയറ്റി തിരിച്ചു വന്നപ്പോള്‍ അതേ പാലം കടക്കാന്‍ 75 മിനിട്ടേ എടുത്തുള്ളു...
കാരണമെന്താ?"

ഉത്തരം 131 : ( എബി )
[ രണ്ടും ഒന്നു തന്നെയല്ലേ...(ഒന്നേകാല്‍ മണിക്കൂറും 75 മിനിട്ടും) ]



ചോദ്യം 132 : ( എബി )
ലോകത്തില്‍ ആദ്യമായി ഏറ്റവും അധിക ദൂരം ലോംഗ്ജംപ്‌ ചാടിയ വ്യക്തി?
ഉത്തരം 132 : ( ഷിബു )
[ ഹനുമാന്‍ ]



ചോദ്യം 133 : ( അജീഷ് )
ഭാരം നിറച്ച് വരുന്ന വണ്ടിയെ ഒറ്റക്കാലുകൊണ്ട് നിറ്‍ത്താ‍ന്‍ കഴിവുള്ളതാറ്ക്കാണ്?
ഉത്തരം 133 : ( ബൈജു )
[ ഡ്രൈവർക്ക് ]



ചോദ്യം 134 : ( എബി )
തട്ടുകടക്കാരനായ കുഞ്ഞുണ്ണി എന്തിനാണ്‌ എപ്പോഴും ദോശ മറിച്ചിടുന്നത്‌?
ഉത്തരം 134 : ( എബി )
[ ദോശയ്ക്കു തനിയെ മറിയാന്‍ പറ്റാത്തതു കൊണ്ട്. ]



ചോദ്യം 135 : ( അജീഷ് )
അവിവാഹിതയായ സ്ത്രീ താഴെനില്‍ക്കുന്നു എന്നത് ഇംഗ്ലീഷില്‍ ഒറ്റവാക്കില്‍ എങ്ങനെ പറയാം?
ഉത്തരം 135 : ( ജോര്‍ജ്ജ് )
[ മിസണ്ടര്‍‍സ്റ്റാന്‍റിങ്ങ്....(misunderstanding) ]



ചോദ്യം 136 : ( എബി )
"ഒരു വീട്ടില്‍ ഒരു കണ്ടന്‍പൂച്ച (ആണ്‍പൂച്ച) ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. ഒരു ദിവസം ഒരു ചക്കിപ്പൂച്ച (പെണ്‍പൂച്ച) ആ വീട്ടില്‍ വന്നു.
കണ്ടന്‍പൂച്ച കുറെ നേരം അവളെ നോക്കി നിന്നശേഷം അവളുടെ ചെവിയില്‍ എന്തോ പറഞ്ഞു. എന്തായിരിക്കും പറഞ്ഞത്‌??? "

ഉത്തരം 136 : ( ജോര്‍ജ്ജ് )
[ മ്യാവൂ ]



ചോദ്യം 137 : ( എബി )
"നിങ്ങളുടെ മുന്‍പിലുണ്ടെങ്കിലും നിങ്ങള്‍ക്ക്‌ കാണാന്‍ കഴിയാത്തതെന്താണ്‌?
"

ഉത്തരം 137 : ( എബി )
[ ഭാവി ]



ചോദ്യം 138 : ( vinu )
ആണിനു 1 ഉം പെണ്ണിനു 2 ഉം
ഉത്തരം 138 : ( _ )
[]



ചോദ്യം 139 : ( എബി )
ജോലിസമയത്ത്‌ ഉറങ്ങാത്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍?
ഉത്തരം 139 : ( _ )
[ കെ.എസ്. ആര്‍.ട്ടി.സി ഡ്രൈവര്‍ ]



ചോദ്യം 140 : ( എബി )
ഒരക്ഷരം പോയാല്‍ കുഴപ്പമാകുന്ന വസ്തു?
ഉത്തരം 140 : ( satya )
[ കുഴലപ്പം ]



ചോദ്യം 141 : ( എബി )
ചുണ്ടുകള്‍ തമ്മില്‍ കൂട്ടിമുട്ടുമ്പോള്‍ എന്തു സംഭവിക്കുന്നു?
ഉത്തരം 141 : ( suhaaz )
[ വായടയുന്നു ]



ചോദ്യം 142 : ( എബി )
മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങ വീണാല്‍ എന്തു സംഭവിക്കും?
ഉത്തരം 142 : ( എബി )
[ പട്ടിയുടെ കുടുംബം അനാഥമാകും ]



ചോദ്യം 143 : ( എബി )
ഒരിക്കലും പറക്കാത്ത കിളി?
ഉത്തരം 143 : ( ബിന്ധ്യാ )
[ ഇക്കിളി ]



ചോദ്യം 144 : ( എബി )
മല്‍സ്യങ്ങള്‍ എന്തിനാണ്‌ വെള്ളത്തിന്റെ മുകളില്‍ എത്തി നോക്കുന്നത്‌?
ഉത്തരം 144 : ( സിനില്‍ )
[ ആരെങ്കിലും മീന്‍ പിടിക്കാന്‍ വരുന്നുണ്ടോ എന്ന് നോക്കാന്‍ ]



ചോദ്യം 145 : ( എബി )
പുരുഷന്റെ തലമുടി മീശയെക്കാള്‍ മുന്‍പ്‌ നരയ്ക്കുന്നതെന്തുകൊണ്ട്‌?
ഉത്തരം 145 : ( satya )
[ തലമുടിയ്ക്ക് മീശയേക്കാള്‍ പ്രായം ഉള്ളതുകൊണ്ട് ]



ചോദ്യം 146 : ( Rajeev )
മുടിയില്‍ ചൂടാന്‍ പറ്റാത്ത പൂവ്‌?
ഉത്തരം 146 : ( Rajeev )
[ ഷാംപൂ ]



ചോദ്യം 147 : ( suhaaz )
"ആറില്‍ നിന്നും ഒന്നെടുത്തു..
ഒന്നിനെ മൂന്നാക്കി..
മൂന്നില്‍ നിന്നും ഒന്നു കളഞ്ഞ് രണ്ടാക്കി...
രണ്ടിനെ നൂറാക്കി..

(ഇത് ഒരു പ്രക്രിയയാണ്‌, എന്താണെന്നു പറയാമോ.?) "

ഉത്തരം 147 : ( ജോര്‍ജ്ജ് )
[ കക്ക നീറ്റുന്നത് ]



ചോദ്യം 148 : ( suhaaz )
"ഞങ്ങളും ഞങ്ങളും, ഞങ്ങളില്‍ പാതിയും
അതില്‍ പാതിയും പിന്നെ താനും ചേര്‍ന്നാല്‍
നൂറായി... ഈ ഞങ്ങള്‍ എത്ര പേരാണെന്ന്‌ പറയാമോ"

ഉത്തരം 148 : ( അജീഷ് )
[ 36 ]



ചോദ്യം 149 : ( Sandeep )
"സുരേഷ് ഗോപി പപ്പൂന്റെ വീട്ടില്‍ ചെന്നു.. അപ്പോള്‍ പപ്പൂന്റെ ഭാര്യ ചൂലും കൊണ്ടു തല്ലി

എന്തു കൊണ്ട്? "

ഉത്തരം 149 : ( ജോര്‍ജ്ജ് )
[ സുരേഷ് ഗോപി “ഭ്ഭാ പുല്ലേ” (പപ്പൂല്ലേ ?) എന്നു ചോദിച്ചുകാണും ]



ചോദ്യം 150 : ( എബി )
ഓരോ സെക്കന്റിലും മാറിക്കൊണ്ടിരിക്കുന്നതെന്ത്‌?
ഉത്തരം 150 : ( Sivasas )
[ സമയം ]


Tuesday, February 20, 2007

കുസൃതിചോദ്യം - 2

ചോദ്യം 52 : ( എബി )
ചെവിയില്‍ കാലുവച്ച്‌ ഇരിക്കുന്നത്‌ ആരാണ്‌?
ഉത്തരം 52 : ( ബൈജു )
[ കണ്ണട ]



ചോദ്യം 53 : ( ബിന്ധ്യാ )
താറാവുകള്‍ എന്താന്‍ ഒന്നിനുപിറകെ ഒന്നായി നടകുന്നത്?
ഉത്തരം 53 : ( ബിന്ധ്യാ )
[ മുന്‍പില്‍ നടക്കുന്ന താറാവ് Back..back എന്നു പറയുന്നതുകൊണ്ട് ]



ചോദ്യം 54 : ( എബി )
മലപ്പുറം ഹാജി " നീ മധു പകരൂ നീ മലര്‍ ചൊരിയൂ" പാടിയാല്‍ എങ്ങെനെ ഇരിയ്ക്കും ?
ഉത്തരം 54 : ( സിനില് )
[ “ഇജ്ജ് മധു പകരൂ ഇജ്ജ് മലര്‍ ചൊരിയൂ” ]



ചോദ്യം 55 : ( എബി )
കാറ്റും കരിയിലയും കൂട്ടുകൂടി പോയ്‌ കണ്ട സിനിമ ഏത്‌ ?
ഉത്തരം 55 : ( ബൈജു )
[ കരിയിലക്കാറ്റുപോലെ ]



ചോദ്യം 56 : ( ബിന്ധ്യാ )
മീനുകള്‍ ഭയകുന്ന ആഴചയിലെ ഒരു ദിവസം ?
ഉത്തരം 56 : ( എബി )
[ ഫ്രൈ ഡേ' ]



ചോദ്യം 57 : ( ബിന്ധ്യാ )
ബേ ഓഫ് ബംഗാള്‍ ഏത് സ്റ്റേറ്റിലാണ്?
ഉത്തരം 57 : ( ബിന്ധ്യാ )
[ liquid ]



ചോദ്യം 58 : ( അരുണ്‍ ദാസ്‌ )
ഒരു കല്ല് പുഴയിലിട്ടാല്‍ അതു താന്നു പോകുന്നു കാരണം
ഉത്തരം 58 : ( അരുണ്‍ ദാസ്‌ )
[ അതിനു നീന്താന്‍ അറിയാത്തതു കൊണ്ട് ]



ചോദ്യം 59 : ( ബിന്ധ്യാ )
break fast ന്റെ കൂടെ നമ്മള്‍ ഇതു കഴികാറില്ല? എന്ത്?
ഉത്തരം 59 : ( ബിന്ധ്യാ )
[ dinner ]



ചോദ്യം 60 : ( അരുണ്‍ ദാസ്‌ )
തിരക്കുള്ള ഒരു റോഡില്‍ ഡ്രൈവര്‍ തെറ്റായ ദിശയില്‍ പോകുന്നതു കണ്ടിട്ടും പോലീസ് ഒന്നും പറഞ്ഞില്ലാ എന്തുകൊണ്ട് ?
ഉത്തരം 60 : ( അരുണ്‍ ദാസ്‌ )
[ ഡ്രൈവര്‍ നടക്കുകയായിരുന്നു ]



ചോദ്യം 61 : ( എബി )
വെളുക്കുന്തോറും വൃത്തികേടാകുന്നതെന്താണ്‌?
ഉത്തരം 61 : ( എബി )
[ ബ്ലാക്‌ ബോര്‍ഡ്‌ ]



ചോദ്യം 62 : ( എബി )
ശ്രീനിവാസന്‍ ഉരുവിടാറൗള്ള മന്ത്രം ഏത്‌ ?
ഉത്തരം 62 : ( എബി )
[ തലയണമന്ത്രം ]



ചോദ്യം 63 : ( എബി )
ഉറുമ്പിന്റെ വായെക്കളും ചെറിയ സാധനം എന്താണ്‌?
ഉത്തരം 63 : ( എബി )
[ ഉറുമ്പ്‌ കഴിക്കുന്ന ഭക്ഷണം ]



ചോദ്യം 64 : ( സിനില്‍ )
മീശമാധവന്‍ എന്ന സിനിമയിലെ മീശയില്ലാത്ത മാധവന്‍ ആര്?
ഉത്തരം 64 : ( ഹരീ )
[ കാവ്യ മാധവന്‍ ]



ചോദ്യം 65 : ( സിനില്‍ )
പെണ്ണുങ്ങളെക്കാള്‍ കൂടുതല്‍ പൂവ് ചൂടുന്ന ആണ്?
ഉത്തരം 65 : ( ആന്റണി )
[ പൂവന്‍ കോഴി ]



ചോദ്യം 66 : ( സിനില്‍ )
കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഊണ്?
ഉത്തരം 66 : ( ജോര്‍ജ്ജ് )
[ കാര്‍‍ട്ടൂണ്‍ ]



ചോദ്യം 67 : ( അജീഷ് )
തലകുത്തിനിന്നാല് വലുതാകുന്നത് ആര് ?
ഉത്തരം 67 : ( നസ്നീനാസ് )
[ 6 ]



ചോദ്യം 68 : ( ഹരീ )
"ഒരാള്‍, അദ്ദേഹത്തിന്‍ ഒരു ക്ലബ്ബിനുള്ളിലേക്ക് കടക്കണം. അവിടേക്ക് ആ ക്ലബ്ബ് അംഗങ്ങളേ മാത്രമേ കയറ്റുകയുള്ളൂ. സെക്യൂരിറ്റി ചോദ്യം ചോദിക്കും, ഉത്തരം ശരിയായി പറയുന്നവര്‍ക്ക് അകത്തു കടക്കാം. നമ്മുടെയാള്‍, ഈ ചോദ്യവും ഉത്തരവും എങ്ങിനെയാണെന്നൊന്നു മനസിലാക്കിയിട്ടു ശ്രമിക്കാം എന്നും കരുതി പതുങ്ങി നിൽപ്പാണ്. ഒരു അംഗം വാതിലിലെത്തി.
സെക്യൂരിറ്റി: 6
അംഗം: 3
കുറച്ചു സമയത്തിനു ശേഷം മറ്റൊരു അംഗം വാതില്‍ക്കലെത്തി.
സെക്യൂരിറ്റി: 12
അംഗം: 6
--
ആഹാ, നമ്മുടെയാള്‍ക്ക് സന്തോഷമായി. ഇത്രയെളുപ്പമായിരുന്നോ ഈ ചോദ്യങ്ങളും ഉത്തരവും, അദ്ദേഹവും നേരേ വാതില്‍ക്കലെത്തി.
സെക്യൂരിറ്റി: 10
നമ്മുടെയാള്‍: 5
പക്ഷേ സെക്യൂരിറ്റിക്കു മനസിലായി ഇദ്ദേഹം അംഗമല്ലെന്ന്, അതെങ്ങിനെ"

ഉത്തരം 68 : ( ഡാന്റിസ് )
[ ഓരോ അക്കത്തിലേയും അക്ഷരങ്ങളുടെ എണ്ണമാണ്‌ മറുപടി. twelve ല്‍ 6 അക്ഷരങ്ങള്‍, six ല്‍ 3 അക്ഷരങ്ങള്‍. അപ്പോള്‍ ten ല്‍ 3 അക്ഷരങ്ങള്‍. 3 ആയിരുന്നു നമ്മുടെയാള്‍ ഉത്തരം പറയേണ്ടിയിരുന്നത്‌ ]



ചോദ്യം 69 : ( അജീഷ് )
ജനിക്കുമ്പോള് ജനിക്കാത്തതും ജനിച്ചശേഷം ജനിക്കുന്നതുമായ ഒരു വസ്തു?
ഉത്തരം 69 : ( ബൈജു )
[ പല്ല് ]



ചോദ്യം 70 : ( അജീഷ് )
നാലു മൂലകളുള്ള ഒരു കടലാസിന്റെ ഒരു മൂല മുറിച്ചുകളഞ്ഞാല് എത്ര മൂല ഉണ്ടാകും?
ഉത്തരം 70 : ( ബൈജു )
[ അഞ്ചുമൂല ]



ചോദ്യം 71 : ( ബൈജു )
"ഒരിക്കൽ ഒരു കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ നിന്ന് ഒരു രാജകുമാരി കാഴ്‌ചകൾ കാണുകയായിരുന്നു.. (ഈ രാജകുമാരിയാണെങ്കിൽ ഒന്നും നേരേചോവ്വേ പറയില്ല, അൽപ്പം വളച്ചുകെട്ടിയൊക്കെയേ പറയൂ..) അപ്പോൾ താഴേ വഴിയിലൂടെ ഒരു കച്ചവടക്കാരൻ പോകുന്നതുകണ്ടു..(എന്താണ് വിൽക്കുന്നതെന്നുള്ളത് ഒരു ചോദ്യം..!) രാജകുമാരി ചോദിച്ചു :

“ഏയ്.. അറുകാലി വസിക്കുന്നിടത്ത് അഴകായ് ചൂടാനൊന്നുതരുമോ..?”

ഈ കച്ചവടക്കാരനും ഒട്ടും മോശമായിരുന്നില്ല.. മൂപ്പരുടെ മറുപടി ഇപ്രകാരമായിരുന്നു..

“അതിനെന്താ‍..? ജനിക്കുമ്പോൾ ജനിക്കാത്തതിനെ മറയ്‌ക്കുന്നതുകൊണ്ട് ഒന്നുതന്നാൽ തരാം..!”

രാജകുമാരി അൽപ്പസമയം ആലോചിച്ചു, എന്നിട്ടുപറഞ്ഞു..

“സമ്മതം, വലിയ തമ്പുരാൻ നാടുനീങ്ങുമ്പോൾ, ചെറിയ തമ്പുരാൻ സ്ഥാനമേൽക്കുമ്പോൾ, ഉണക്കമരം ഉണക്കമരത്തോട് ചേരുമ്പോൾ, വരും.. വരാതിരിക്കില്ല..! വന്നില്ലെങ്കിൽ തരാം..!’

കച്ചവടക്കാരനും സമ്മതം..

ഈ പറഞ്ഞതിനെയൊക്കെ മനുഷ്യർക്ക് മനസിലാകുന്ന ഭാഷയിൽ ഒന്ന് പറയാമോ..?
"

ഉത്തരം 71 : ( ബൈജു )
[ " രാജകുമാരി ചോദിച്ചത് പേനുള്ള തലയിൽ (അറുകാലി വസിക്കുന്നിടം) ചൂടാൻ ഒരു പൂ തരുമോ എന്നാണ്.. അതുകൊണ്ട് കച്ചവടക്കാരൻ ഒരു പൂക്കാരൻ ആണെന്ന് വ്യക്തം..
- കച്ചവടക്കാരന്റെ ഉത്തരം, ഒരു മുത്തം തന്നാൽ തരാമെന്നും..! (ജനിക്കുമ്പോൾ ജനിക്കാത്തത് - പല്ല്, പല്ലിനെ മറക്കുന്നത് - ചുണ്ട്, ചുണ്ടുകൊണ്ട് തരുന്നത് - മുത്തം )
- സൂര്യനസ്‌തമിച്ച് ചന്ദ്രനുദിക്കുമ്പോൾ, (വലിയ തമ്പുരാൻ - സൂര്യൻ, ചെറിയ തമ്പുരാൻ - ചന്ദ്രന്) അന്തപ്പുരവാതിലടയ്‌ക്കുമ്പോൾ ( ഉണക്കമരം ഉണക്കമരത്തോട് ചേരുക - വാതിലിന്റെ കട്ടളയും കതകും തമ്മിൽ ചേരുക, അതായത് വാതിലടയ്‌ക്കുക)‍, അവളുടെ ഭർത്താവ് വരും, വരാതിരിക്കില്ല, വന്നില്ലെങ്കിൽ തരാമെന്നും...!!
"
]



ചോദ്യം 72 : ( ബൈജു )
"ഒരിക്കൽ ഒരു നമ്പൂതിരി വൈകുന്നേരമായപ്പോൾ ഒറ്റയ്‌ക്ക് വീടിനുവെളിയിൽ ഒരു മരത്തണലിൽ ഇരിക്കുന്നതുകണ്ട് കൂട്ടുകാരൻ ചോദിച്ചു..

“എന്തുപറ്റി തിരുമേനി..? എന്താ ഇവിടെ ഇരിക്കുന്നത്..?”

ഈ നമ്പൂതിരിയും നമ്മൾ നേരത്തെ പറഞ്ഞ രാജകുമാരിയുടെ ടൈപ്പാണേ.. ഒന്നും നേരെ ചൊവ്വേ പറയില്ല.. മൂപ്പരുടെ മറുപടി ഇങ്ങിനെ ആയിരുന്നു..

“പത്തുതേരുള്ള രാജന്റെ പുത്രന്റെ ശത്രുവിന്റെ ഇല്ലം ചുട്ടുകരിച്ചവന്റെ അച്ഛന്റെ വരവും കാത്തിരിക്കുകയാ..!!”

പാവം കൂട്ടുകാരന് ഒന്നും മനസിലായില്ല..! നിങ്ങൾക്ക് വല്ലതും മനസിലായോ?"

ഉത്തരം 72 : ( സിനില്‍ )
[ ദശരഥന്റെ പുത്രന്റെ (രാമന്‍) ശത്രു (രാവണന്‍) വിന്റെ ഇല്ലം (ലങ്ക) ചുട്ടെരിച്ച ഹനുമാന്റെ അച്ഛന്‍ മാരുതന്റെ (വായു) വരവും കാത്തിരിക്കുന്നു എന്നു!! നമ്മുടെ നമ്പൂതിരി ചുമ്മാ ഒരു കാറ്റുകൊള്ളാനിരുന്നതാണ്.. ]



ചോദ്യം 73 : ( അജീഷ് )
നമ്മുടെ നമ്പൂതിരി ചുമ്മാ ഒരു കാറ്റുകൊള്ളാനിരുന്നതാണ്..
ഉത്തരം 73 : ( അജീഷ് )
[ സ്‌പൂൺ കൊണ്ട് ]



ചോദ്യം 74 : ( അജീഷ് )
പരീക്ഷയുടെ അവസാനമെന്താണ്?
ഉത്തരം 74 : ( അജീഷ് )
[ ക്ഷ ]



ചോദ്യം 75 : ( എബി )
"ഒരിക്കല്‍ ആനയും ഉറുമ്പും കൂടി നടക്കാന്‍ പോയി... വഴിയില്‍ ഉറുമ്പ്‌ കാലുതെറ്റി വെള്ളത്തില്‍ വീണു... ഉറുമ്പ്‌ ഒരു കൈ ഉയര്‍ത്തിപ്പിടിച്ച്‌ ""രക്ഷിക്കണേ....രക്ഷിക്കണേ..."" എന്ന് ഉറക്കെ വിളിച്ച്‌ കരയുന്നു...

ചോദ്യം: എന്തിനാണ്‌ ഉറുമ്പ്‌ ഒരു കൈ ഉയര്‍ത്തിപ്പിടിച്ച്‌ കരഞ്ഞത്‌?"

ഉത്തരം 75 : ( ബൈജു )
[ ഉറുമ്പ് ആ കയ്യിൽ കെട്ടിയ വാച്ച് നനയാതിരിക്കാന്‍ ]



ചോദ്യം 76 : ( ബൈജു )
ഒരു മുറിക്കകത്ത് മൂന്ന് ബൾബുണ്ട്.. അവയുടെ സ്വിച്ചുകൾ മൂന്നും മുറിയുടെ പുറത്തും..! മുറിയുടെ പുറത്ത് നിന്നും നോക്കിയാൽ അകത്തെ ബൾബുകൾ കാണാൻ സാധിക്കില്ല, എന്തിന് ? അകത്ത് ബൾബ് കത്തിയോ എന്നുപോലും അറിയാനൊക്കില്ല.. ഒരു തവണ മാത്രമേ മുറിയിൽ കേറാൻ അനുവാദമുള്ളൂ.. വാതിലിൽ നിന്നും വളരെ അകലെയാണ് സ്വിച്ചുകളുടെ സ്ഥാനം.. ഞാൻ നേരത്തെ പറഞ്ഞതുപോലെ മുറിക്കകത്ത് കയറിയാൽ മാത്രമേ ഏത് ബൾബാണ് കത്തിയിരിക്കുന്നതെന്ന് മനസിലാകൂ.. എന്നാൽ എനിക്ക് ഏതൊക്കെ സ്വിച്ച് ഏതൊക്കെ ബൾബിന്റെ ആണെന്ന് അറിയുകയും വേണം... എന്തുചെയ്യും..?
ഉത്തരം 76 : ( ഡാന്റിസ് )
[ ആദ്യത്തെ സ്വിച്ച്‌ കുറച്ച്‌ നേരം ഓണാക്കി വയ്ക്കുക. എന്നിട്ട്‌ ഒാഫ്‌ ചെയ്യുക. പിന്നെ രണ്ടാമത്തെ സ്വിച്ച്‌ ഓണാക്കുക. എന്നിട്ട്‌ മുറിയില്‍ പ്രവേശിക്കുക. കത്തി നില്‍ക്കുന്ന ബള്‍ബിന്റെ സ്വിച്ചായിരിക്കും രണ്ടാമത്തെ സ്വിച്ച്‌. ഓഫായി കിടക്കുന്ന മറ്റുരണ്ട്‌ ബള്‍ബും തൊട്ടു നോക്കുക. ചൂടുള്ള ബള്‍ബിന്റെ സ്വിച്ചാണ്‌ ആദ്യത്തെ സ്വിച്ച്‌. ചൂടില്ലാത്ത ബള്‍ബിന്റെ സ്വിച്ച്‌ മൂന്നാമത്തെതും... ]



ചോദ്യം 77 : ( അജീഷ് )
ധാരാളം പല്ലുണ്ടായിട്ടും ഒരിക്കലും ഭക്ഷണം കഴിക്കുകയോ കടിക്കുകയോ ചെയ്തിട്ടില്ലാത്തത് എന്താ?
ഉത്തരം 77 : ( സ്മിത )
[ ചീപ്പ് ]



ചോദ്യം 78 : ( അജീഷ് )
മനുഷ്യനും കഴുതയും തമ്മിലുള്ള വ്യത്യാസം?
ഉത്തരം 78 : ( അജീഷ് )
[ മനുഷ്യൻ പലപ്പോഴും കഴുതയാകാറുണ്ട് കഴുത ഒരിക്കലും മനുഷ്യനാകാറില്ല ]



ചോദ്യം 79 : ( അജീഷ് )
മിന്നലും വൈദ്യുതിയും തമ്മിലുള്ള വ്യത്യാസം എന്താ?
ഉത്തരം 79 : ( രതീഷ് )
[ മിന്നലിനു ബില്ലടക്കണ്ടാ ഫ്രീയാണ്, വൈദ്യുതിക്ക് ബില്ലടച്ചേ മതിയാവൂ... ]



ചോദ്യം 80 : ( അജീഷ് )
വായ് നോക്കാന് ബിരുദമെടുത്തവര്‍ക്ക് പറയുന്ന പേരെന്ത് ?
ഉത്തരം 80 : ( ബൈജു )
[ ദന്തഡോക്ടർ ]



ചോദ്യം 81 : ( ബൈജു )
ഒരു കുളത്തിൽ കുറെ താമരയുണ്ട്.. എല്ലാ ദിവസവും അത് ഇരട്ടിക്കും.. പത്തുദിവസം കൊണ്ട് കുളം നിറയെ താമരയാകും.. അങ്ങനെയെങ്കിൽ കുളത്തിന്റെ പകുതി നിറയാൻ എത്ര ദിവസമെടുക്കും..?
ഉത്തരം 81 : ( ഡാന്റിസ് )
[ താമരക്കുളം പകുതി നിറയാന്‍ 9 ദിവസം എടുക്കും ]



ചോദ്യം 82 : ( ഡാന്റിസ് )
"അടുത്ത സംഖ്യ കണ്ടുപിടിക്കുക. അധികം കണക്കുകൂട്ടി വിഷമിക്കല്ലേ.

1
11
21
1211
111221
312211
13112221 "

ഉത്തരം 82 : ( ബൈജു )
[ "1113213211" ]



ചോദ്യം 83 : ( ബൈജു )
"ഒരു ഒച്ച് (snail) പത്തുമീറ്റർ നീളമുള്ള ഒരു കമ്പിന്റെ ചുവട്ടിലാണുള്ളത്.. അത് എന്നും കമ്പിലേക്ക് കയറാൻ നോക്കും.. എന്നും അഞ്ചുമീറ്റർ ദൂരം ഒരുവിധത്തിലൊക്കെ കയറുമെങ്കിലും രാതി ഉറക്കത്തിൽ നാലുമീറ്റർ താഴേക്ക് ഊർന്നുപോരും..! അങ്ങിനെയെങ്കിൽ എത്ര ദിവസം കൊണ്ട് അത് ആ കമ്പിന്റെ മുകളിലെത്തും..?
"

ഉത്തരം 83 : ( ഡാന്റിസ് )
[ ഒച്ച്‌ 6 ദിവസം എടുക്കും. 5 ദിവസം കഴിയുമ്പോള്‍ 5 മീറ്റര്‍ എത്തും. ആറാം ദിവസം 5 മീറ്റര്‍ കയറുമ്പോള്‍ 10 മീറ്റര്‍ എത്തും ]



ചോദ്യം 84 : ( ഡാന്റിസ് )
"സംസാരിക്കാന്‍ കഴിവില്ലാത്ത ഒരാള്‍ക്ക്‌ ഒരു കടയില്‍ നിന്നും കണ്ണട വാങ്ങണം. അയാള്‍ കടക്കാരന്റെ മുന്‍പില്‍ ചെന്നിട്ട്‌ കണ്ണടയുടെ ആംഗ്യം കാണിക്കുന്നു. അതു കാണുമ്പോള്‍ കടക്കാരന്‌ മനസിലാകുന്നു അയാള്‍ക്ക്‌ കണ്ണടയാണ്‌ വേണ്ടതെന്ന്. അങ്ങിനെ അയാള്‍ കണ്ണട വാങ്ങുന്നു.

ഇനി ഒരു അന്ധന്‌ ഒരു കണ്ണട വാങ്ങണം. അപ്പോള്‍ അയാള്‍ എന്തു ചെയ്യണം?"

ഉത്തരം 84 : ( ബൈജു )
[ അന്ധന് വാ തുറന്ന് ചോദിച്ചാല്‍ പോരേ ]



ചോദ്യം 85 : ( ബൈജു )
കൃഷ്‌ണൻ‌മാഷിന് കുറെ ആൺമക്കളുണ്ട്... ഒന്നാമന്റെ പേര് ഒന്നാം ഉണ്ണിക്കൃഷ്‌ണൻ..! രണ്ടാമന്റെ പേര് രണ്ടാം ഉണ്ണിക്കൃഷ്‌ണൻ.‍..!! മൂന്നാമന്റെ പേര് മൂന്നാം ഉണ്ണിക്കൃഷ്‌ണൻ...!! അങ്ങിനെ പോകുന്നു.. എങ്കിൽ അവസാനത്തെ മകന്റെ പേരെന്ത്..?
ഉത്തരം 85 : ( അന്‍‌വര്‍ )
[ ഒടുവിൽ ഉണ്ണിക്കൃഷ്‌ണൻ ]



ചോദ്യം 86 : ( അജീഷ് )
ഒരു ബക്കറ്റില്‍ നിറയേ വെള്ളമുണ്ട്. ബക്കറ്റിനു നിറയേ തുള ഉണ്ടെങ്കിലും ഒരു തുള്ളി വെള്ളം പുറത്തേക്ക് ഒഴുകുന്നില്ല കാരണമെന്താണ്?
ഉത്തരം 86 : ( അജീഷ് )
[ ബക്കറ്റിൽ നിറയെ വെള്ളമാണെന്നല്ലല്ലോ പറഞ്ഞത്..? വെള്ള നിറത്തിലുള്ള മുണ്ടാണെന്നല്ലേ..? (വെള്ളമുണ്ട് ) പുറത്തേക്കൊഴുകാൻ ബക്കറ്റിൽ ഒരു തുള്ളി വെള്ളം പോലുമില്ല.. പിന്നെങ്ങനെ ? ]



ചോദ്യം 87 : ( ബിന്ധ്യാ )
ആനയും ഉറുമ്പും കൂട്ടുകാര്‍ ആയിരുനു, ഒരു ദിവസം 2പേരും കൂടി ഐസ്ക്റീം കഴികാന്‍ പൊയി, കുറച്ചു കഴിഞ്ഞപ്പോള്‍ ആന ഉറുമ്പിനെ ഐസ്ക്റീമില്‍ മുക്കിക്കൊന്നു, എന്തിനായിരികും ?
ഉത്തരം 87 : ( ബിന്ധ്യാ )
[ ആനയുടെ അനുജത്തിയും ആ ഉറുമ്പും തമ്മില്‍ പ്രണയം ആയിരുന്നു ]



ചോദ്യം 88 : ( അജീഷ് )
ഒരു സാധനം മാത്രം നാം വേഗത്തില് പൊട്ടുന്നതേ വാങ്ങൂ എന്താണത്?
ഉത്തരം 88 : ( ബൈജു )
[ പടക്കം ]



ചോദ്യം 89 : ( അജീഷ് )
ഞെട്ടിക്കുന്ന സിറ്റിയേത് ?
ഉത്തരം 89 : ( അന്‍‌വര്‍ )
[ ഇലക്ട്രിസിറ്റി. ബില്ലു വരുമ്പോള്‍ ഞെട്ടിക്കോളും. ]



ചോദ്യം 90 : ( അജീഷ് )
നിറയെ ദ്വാരമുണ്ടെങ്കിലും വെള്ളമെടുക്കാന് പറ്റുന്നത് എന്തുകൊണ്ട് ?
ഉത്തരം 90 : ( ബൈജു )
[ സ്‌പോഞ്ച് ]



ചോദ്യം 91 : ( അജീഷ് )
തേനീച്ച മൂളുന്നത് എന്തുകൊണ്ടാണ്?
ഉത്തരം 91 : ( അജീഷ് )
[ അതിന്‍ സംസാരിക്കാന്‍ അറിയില്ലല്ലോ. അതുകൊണ്ടാ മൂളുന്നത്. ]



ചോദ്യം 92 : ( അജീഷ് )
കണ്ണുള്ളവര്‍ക്കും കണ്ണില്ലാത്തവര്‍ക്കും ഒരുപോലെ കാണാന് പറ്റുന്നത് എന്താ?
ഉത്തരം 92 : ( സിനില്‍ )
[ സ്വപ്നം ]



ചോദ്യം 93 : ( അജീഷ് )
തലതിരിഞ്ഞവള് ആര്?
ഉത്തരം 93 : ( ബൈജു )
[ ലത ]



ചോദ്യം 94 : ( അജീഷ് )
നിമിഷനേരം കൊണ്ട് പണിയാന് പറ്റുന്ന കോട്ട?
ഉത്തരം 94 : ( ബിന്ധ്യാ )
[ മനക്കോട്ട ]



ചോദ്യം 95 : ( അജീഷ് )
രാത്രിയില്‍ വാതിലും ജനലും അടച്ച് ഉറങ്ങുന്ന നിങ്ങള്‍ വാതിലില്‍ ഒരു മുട്ട് കേട്ട് ഉണരുന്നു. നിങ്ങള്‍ ആദ്യം തുറക്കുക വാതിലാണോ ജനലാണോ?
ഉത്തരം 95 : ( അശ്വതി )
[ കണ്ണ് ]



ചോദ്യം 96 : ( അജീഷ് )
ആധുനിക മലയാളി ഇഷ്‌ടപ്പെടുന്ന ഗിഫ്‌റ്റ്?
ഉത്തരം 96 : ( ഹരീ )
[ ജാസി ഗിഫ്റ്റ് ]



ചോദ്യം 97 : ( അജീഷ് )
ക്ഷേത്രങ്ങളില്ലാത്തതും ലോകപ്രശസ്തയുമായ ഒരു ദേവി?
ഉത്തരം 97 : ( സ്മിത )
[ ഫൂലന്‍ ദേവി ]



ചോദ്യം 98 : ( അജീഷ് )
കുവൈത്തിലെ ഏറ്റവും പ്രശസ്തമായ ആറ്?
ഉത്തരം 98 : ( അന്‍‌വര്‍ )
[ ദിനാര്‍ ]



ചോദ്യം 99 : ( അജീഷ് )
0.3 ഉം 0.3 ഉം കൂട്ടിയാല്‍ ഒന്നാകുന്ന സ്ഥലം?
ഉത്തരം 99 : ( അജീഷ് )
[ ക്രിക്കറ്റ് സ്‌കോര്‍ ബോറ്ഡിലാണ് 0.3 + 0.3 = 1 ആകുന്നത്. ]



ചോദ്യം 100 : ( അജീഷ് )
സര്‍ക്കാരാഫീസില്‍ ‘നിശബ്‌ദത പാലിക്കുക‘ എന്നെഴുതിവച്ചിരിക്കുന്നതെന്തിനാ?
ഉത്തരം 100 : ( അന്‍‌വര്‍ )
[ ജോലിക്കാരുടെ ഉറക്കം നഷ്ടപ്പെടാതിരിക്കാന്‍ ]


ഓര്‍ക്കുട്ട് മലയാളം

കൂട്ടുകാരേ..

നാമെല്ലാം മലയാളം എഴുതുവാനും വായിക്കുവാനും പഠിക്കുന്നുണ്ടെങ്കിലും കാലക്രമേണ മലയാളം ഉപയോഗിക്കാതെയിരുന്ന്‌ എഴുതുവാനും വായിക്കുവാനും മറന്നുപോകുന്ന ഒരു സ്ഥിതിവിശേഷം സംജാതമായിക്കൊണ്ടിരിക്കുന്ന ഈയവസരത്തിൽ മലയാളത്തിൽത്തന്നെ ആശയസംവേദനം സാദ്ധ്യമാകുന്ന ഒരു കമ്മ്യൂണിറ്റി - അതാണ് മലയാളം എന്ന പേരിലുള്ള ഈ കമ്മ്യൂണിറ്റിയുടെ ലക്ഷ്യം. എത്രനന്നായി ആംഗലേയഭാഷ കൈകാര്യം ചെയ്യുന്നവരാണെന്നാലും നാം ചിന്തിക്കുന്നത് നമ്മുടെ മാതൃഭാഷയാ‍യ മലയാളത്തിൽത്തന്നെയല്ലേ..? ആ ചിന്തകളെ അങ്ങനെ തന്നെ പകർത്തുവാൻ മറ്റൊരു ഭാഷയിലേക്കുള്ള തർജ്ജമ ആവശ്യമാണോ..? തീർച്ചയാ‍യും അല്ല. ഇത്തരമൊരു ചിന്തയാണ് ഈ കമ്മ്യൂണിറ്റിയുടെ ഉത്ഭവത്തിനു പിന്നിൽ. നമ്മുടെ അമ്മയായ മലയാളത്തെ, ഒട്ടനവധി ഭാഷകളുമായുള്ള ആദാനപ്രദാനബന്ധങ്ങളാലും തനതായ പദസമ്പത്തിനാലും സമ്പുഷ്‌ടമായ നമ്മുടെ മലയാളത്തെ സ്‌നേഹിക്കുന്ന എല്ലാവർക്കുമായി ‘മലയാള’ത്തെ സമർപ്പിക്കട്ടെ. ചിരിയോടൊപ്പം ചിന്തയുടെയും നുറുങ്ങുകൾ പങ്കിടാനും പച്ചമലയാളത്തിൽത്തന്നെ സല്ലപിക്കുവാനും ഉള്ള മലയാളത്തെ സ്‌നേഹിക്കുന്ന, അമ്മയെ സ്‌നേഹിക്കുന്ന ഏവർക്കും ഈ കൂട്ടായ്‌മയിലേക്ക് സ്വാഗതം..! സന്ദർശകർക്കായുള്ള പേജിലൊഴികെ മറ്റെല്ലായിടത്തും മലയാളത്തിൽ മാത്രം എഴുതുവാൻ ശ്രദ്ധിക്കണമെന്നുമാത്രം.

--